മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ കുടുങ്ങിപ്പോകുന്ന അവസ്ഥാണ് പേരന്റല്‍ ട്രയാങ്കുലേഷന്‍. മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലും വഴക്കുകളിലും കുട്ടികളെ ഉള്‍പ്പെടുത്തുന്ന മോശം പ്രവണതയാണിത്
അനിഷ്ടങ്ങളുടെ പേരില്‍ അച്ഛനോ, അമ്മയോ കുട്ടികളോട് പരസ്പരമുള്ള അനുചിതമായ വിവരങ്ങള്‍ പങ്കിടുക, വഴക്കുകള്‍ക്കിടയില്‍ കുട്ടികളെ സന്ദേശവാഹകരായി ഉപയോഗിക്കുക, അല്ലെങ്കില്‍ കുട്ടിയുടെ വിശ്വസ്തത നേടാന്‍ മത്സരിക്കുക എന്നിങ്ങനെ വിവിധ രൂപങ്ങള്‍ പേരന്റല്‍ ട്രയാങ്കുലേഷഷനിലുണ്ട്.
പേരന്റല്‍ ട്രയാങ്കുലേഷന്‍ കുട്ടികളില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കുട്ടികളില്‍ അനാവശ്യമായ ആശയക്കുഴപ്പം, ഉത്കണ്ഠ, കുറ്റബോധം എന്നിവയ്ക്ക് ഇത് കാരണമാകും. കുട്ടിയുടെ വിശ്വാസം നേടുന്നതിനുള്ള മത്സരങ്ങള്‍ അരങ്ങേറുന്നതിനാല്‍, മാതാപിതാക്കളില്‍ ആരുടെ കൂടെ താന്‍ നില്‍ക്കണം തുടങ്ങിയ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ കുട്ടി അനുഭവിക്കേണ്ടി വരും. ഈ വൈകാരിക ഭാരം കുട്ടിയുടെ ആരോഗ്യകരമായ വൈകാരിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ദീര്‍ഘകാല മാനസിക വെല്ലുവിളികള്‍ക്ക് കാരണമാവുകയും ചെയ്യും.
കുട്ടികളില്‍ അരക്ഷിതാവസ്ഥ, അക്കാദമിക് ബുദ്ധിമുട്ടുകള്‍, മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള കഴിവില്ലായ്മ, തുടങ്ങി നിരവധി പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം. പേരന്റല്‍ ട്രയാങ്കുലേഷന്‍ കുട്ടികള്‍ ഉണ്ടാക്കുന്ന പ്രശ്‌നമല്ല, മാതാപിതാക്കള്‍ മാത്രമാണ് അതിന് കാരണക്കാര്‍. അതിനാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. ഈ അവസ്ഥയെ ഉന്മൂലനം ചെയ്യാനുള്ള ചില കാര്യങ്ങള്‍ നോക്കാം
മാതാപിതാക്കള്‍ക്കിടയില്‍ തുറന്നതും സത്യസന്ധവുമായ ആശയവിനിമയം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. പരസ്പരം തുറന്ന് സംസാരിക്കാന്‍ സാധിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും മാതാപിതാക്കള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും. അതോടെ അവരുടെ തര്‍ക്കങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത കുറയുന്നു.
രക്ഷാകര്‍തൃ സംഘട്ടനങ്ങളില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ട അതിരുകള്‍ വേണം. കുട്ടികളോട് എന്തെല്ലാം കാര്യങ്ങള്‍ പങ്കുവെയ്ക്കാമെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം. പരസ്പരമുള്ള കുറ്റങ്ങളും കുറവുകളും യാതൊരു കാരണവശാലും കുട്ടികളുമായി പങ്കിടില്ലെന്ന് അവര്‍ ഉറപ്പ് വരുത്തണം. രക്ഷിതാക്കള്‍ പരസ്പരമുള്ള അനുചിതമായ വിശദാംശങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ കുട്ടിയെ സന്ദേശവാഹകനായി ഉപയോഗിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുകയും വേണം.
അവശ്യമെങ്കില്‍ മാതാപിതാക്കള്‍ ഒരു ഫാമിലി തെറാപ്പിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സഹായം തേടുന്നത് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും. ഈ മേഖലയിലുള്ള പ്രൊഫെഷനലുകള്‍ക്ക് കുറേക്കൂടി പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.
മാതാപിതാക്കളുടെ കലഹങ്ങളില്‍ നിന്ന് കുട്ടിയുടെ ക്ഷേമത്തിലേക്ക് ശ്രദ്ധ മാറ്റേണ്ടത് അത്യാവശ്യമാണ്. കുട്ടിക്ക് സുസ്ഥിരവും എപ്പോഴും പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് കുട്ടിക്ക് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്താതെയിരിക്കാനുള്ള പക്വത നേടാനും മാതാപിതാക്കളെ സഹായിക്കും.