കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് അമിതമായ ഉത്കണ്ഠ.
കുട്ടികൾക്ക് ഉത്കണ്ഠയും ഭയവും ബാല്യത്തിന്റെ അഭാഗമായി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പരിധിവിട്ട ഉത്കണ്ഠയും ഭയവും കുട്ടികളുടെ മാനസികമായ വളർച്ചക്ക് തടസമാകും.
പുതിയ സാഹചര്യങ്ങൾ, വ്യക്തികൾ, വീട്, അന്തരീക്ഷം എന്നിവയോടെക്കെ കാണിക്കുന്ന തുടർച്ചയായ ഭയം അമിതോത്കണ്ഠയുടെ ലക്ഷണമാണ്. ഉത്ക്കണ്ഠകളെ സ്വയം മറികടക്കുന്നത് കുട്ടികളിൽ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള കഴിവ് വർധിപ്പിക്കുന്നു
ചില കുട്ടികൾ സ്വാഭാവികമായും സെൻസിറ്റീവ് ആണ്. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെയോ ശക്തമായ വികാരങ്ങളെയോ നേരിടാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. ഈ കുട്ടികൾക്ക് ജന്മനായോ കുടുംബപരമായോ ഉത്കണ്ഠാ പ്രവണത ഉണ്ടാകാം. .
സമ്മർദ്ദകരമായ ജീവിത സാഹചര്യങ്ങൾ ഇത്തരം കുട്ടികളിൽ ഉത്ക്കണ്ഠ വർധിപ്പിക്കുന്നു. പ്രിയപ്പെട്ടവരുടെ മരണം, പ്രിയപ്പെട്ടവർ ദൂരേക്ക് പോകുന്നത്, പുതിയ വീട്ടിലേക്കോ സ്കൂളിലേക്കോ മാറുന്നത്, വാടക വീടുകളിലെ താമസം മാറുന്നത് പതിവാണെങ്കിലൊക്കെ കുട്ടികളിൽ പ്രശ്നകാരമായ ഉത്ക്കണ്ഠ രൂപപ്പെടാം.
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് നേരിടുക, സ്കൂൾ വിദ്യാഭ്യാസത്തിലെ ബുദ്ധിമുട്ട്, പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾ , മാതാപിതാക്കളുടെ വിവാഹമോചനം , മാറി താമസിക്കൽ എന്നിവയൊക്കെ കുട്ടികളെ ബാധിക്കുന്നു. ഇത് കുട്ടികളിൽ അമിതമായ ഉത്കണ്ഠ ജനിക്കുന്നതിനു കാരണമാകുന്നു. ഉത്കണ്ഠ അമിതമായുള്ള കുട്ടികൾക്ക് അവരുടെ വികാരങ്ങൾ , വിഷമങ്ങൾ എന്നിവ വിശദീകരിച്ചു പറയാൻ കഴിയില്ല
ചിരിക്കാൻ മടി കാണിക്കുന്ന പ്രകൃതം, കൂട്ടുകാരിൽ നിന്നും അകലം പാലിക്കുക ,പൊട്ടിക്കരയുക, വയറുവേദന, പേശിവേദന അല്ലെങ്കിൽ തലവേദന എന്നിങ്ങനെ ഇപ്പോഴും ഏതെങ്കിലും ഒരു രോഗാവസ്ഥയുണ്ടെന്നു പറയുക, കൃത്യമായ ഉറക്കം ഇല്ലാത്ത അവസ്ഥ, പേടിസ്വപ്നങ്ങളിൽ നിന്ന് ഉണരുക, ഒറ്റയ്ക്ക് ഉറങ്ങാൻ കഴിയാതെ വരിക, വിശ്രമം പോലും സാധ്യമല്ലാത്ത രീതിയിൽ ശരീരവും മനസും അസ്വസ്ഥമായിരിക്കുക, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, വിറയൽ അനുഭവപ്പെടുക, എന്നിവയെല്ലാം കുട്ടികളിലെ ചികിത്സ ആവശ്യമായ ഉത്കണ്ഠയുടെ പ്രാഥമിക ലക്ഷണങ്ങളാണ്.
ആളുകൾ ധാരാളമുള്ളിടത്ത് പോകാതിരിക്കുക, മാതാപിതാക്കളുടെ പിന്നിൽ ഒളിക്കുക, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുന്നതിനായി ബാത്‌റൂമിൽ കൂടുതൽ സമയം ചെലവഴിക്കുക എന്നിവയെല്ലാം ഉത്ക്കണ്ഠയുടെ അടുത്ത തലമാണ് കാണിക്കുന്നത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇഴയടുപ്പമാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യ പടി