ചൈനയിലെ ബെയ്ജിങിൽ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സ്വർണ ഇലകൾ പൊഴിക്കുന്ന മരമുത്തശ്ശിയുള്ളത്. ഈ മരം മഞ്ഞനിറമുള്ള ഇലകൾ പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്.
1400 വര്‍ഷം പഴക്കമുണ്ട് ഈ ഗിങ്കോ വൃക്ഷത്തിന്. സിയാൻ ഷാങ്സി പ്രവിശ്യയിലുള്ള ഷോങ്ഗ്നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യിന്‍ സെൻ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം നിൽക്കുന്നത്. 628ാം നൂറ്റാണ്ടില്‍ താങ് രാജവംശകാലത്തുണ്ടായ വൃക്ഷമാണിതെന്നാണ് നിഗമനം.
മധ്യ ചൈനയിലെ സിയാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. മറ്റു ചരിത്രപരമായ സവിശേഷതകളും ഈ ബുദ്ധ ക്ഷേത്രത്തിനുണ്ട്. ശരത്കാലത്താണ് ഗിങ്കോ വൃക്ഷങ്ങൾ പതിവായി ഇലപൊഴിക്കുന്നത്. ക്ഷേത്രമുറ്റത്താകെ മഞ്ഞപ്പരവതാനി വിരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഇപ്പോൾ ഈ മരമുത്തശ്ശി.
ഒരുതരം പ്രത്യേക രാസവസ്തു ഉൽപാദിപ്പിച്ചാണ് ഇവ സ്വന്തം ‘ശരീരം’ കീടങ്ങളിൽ നിന്നും കാലാവസ്ഥാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നത്. സാധാരണഗതിയിൽ ചെടികളുടെ ഇലകൾക്കും തണ്ടിനുമെല്ലാം ഒരു നിശ്ചിതഘട്ടമെത്തിയാൽ മുന്നോട്ടു വളർച്ചയുണ്ടാകില്ല. സസ്യങ്ങളിലെ ചിലയിനം ജീനുകളാണ് വളർച്ചയെ തടസ്സപ്പെടുത്തുന്നത്.
ഏകദേശം 27 കോടി വർഷം മുൻപുമുതൽ ഗിങ്കോ മരങ്ങൾ ഭൂമിയിലുണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയാണ് ഇവയുടെ ജന്മദേശം. ശരത്‌കാലത്ത് മഞ്ഞനിറത്തിലുള്ള ഇലകളും പൊഴിച്ചു പാതയോരത്ത് നിൽക്കുന്ന ഇവ കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്.
വളരെ പതിയെ വളരുന്ന ഈ വമ്പൻ മരം കാട്ടുകൊള്ളക്കാരുടെ മഴുവിനിരയാകുന്നതു പതിവാണ്. അതിനാൽത്തന്നെ കാട്ടുഗിങ്കോ മരം വംശനാശഭീഷണിയിലുമാണ്. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ അതീവ വംശനാശഭീഷണിയുള്ള മരങ്ങളുടെ പട്ടികയിലാണിത്. നിലവിൽ ചൈനയിലെ വനമേഖലയായ ഷിറ്റിയാൻമു മലനിരകളിൽ മാത്രമേ ഇവയെ കാണാനാവുകയുള്ളൂ.