കാല് നിലത്തുറയ്ക്കാതെ നടക്കുന്ന ആനക്കൂറ്റന്മാർ. ചാഞ്ഞും ചരിഞ്ഞും നടക്കുന്ന ജിറാഫുകൾ. തലകുത്തിമറിയുന്ന കുരങ്ങന്മാർ. . വന്യമൃഗങ്ങൾഎന്തുകഴിച്ചിട്ടാണ് ഇങ്ങനെ ഫിറ്റായത്? അതോ ആഫ്രിക്കൻ വാറ്റ് കട്ടുകുടിച്ചതാണോ? എന്നാൽ സംഭവമിതൊന്നുമല്ല. ആഫ്രിക്കയിൽ സുലഭമായ മറുള എന്ന പഴം അകത്താക്കി മത്തേറിയിട്ടുള്ള പ്രകടനമാണിത്.
നിത്യവും ഏറെ കായ്ക്കുന്ന മറുള മരത്തെ കാട്ടിലെ ബാർ എന്നു വിളിക്കാം; അല്ലെങ്കിൽ സ്വയമ്പൻ ചാരായ ഷാപ്പ്. ചെറിയ പുളിപ്പും മധുരവുമുള്ള പഴം അൽപം കൂടുതൽ കഴിച്ചാൽ ‘കിളി പറക്കും’ വിധം ലഹരിയിലാഴും. പഴം ആനയ്ക്കും ജിറാഫിനും കുരങ്ങിനുമാണ് ഏറെ പ്രിയം.
ഒറ്റത്തടിയായി വളരുന്ന മറുള മരത്തിൽ നിന്ന് ഇവ ‘ക്യൂ നിൽക്കാതെ’ വാങ്ങാൻ എളുപ്പം ഇവയ്ക്കാണല്ലോ. പഴുത്തു താഴെ വീഴുമ്പോൾ മറ്റു മൃഗങ്ങളും അകത്താക്കാറുണ്ട്. മാംസളമായ പഴത്തിന്റെ അകത്തുള്ള കട്ടിക്കുരുവിനുമുണ്ട് അണ്ണാറക്കണ്ണന്മാരെപ്പോലുള്ള ആരാധകർ.
എല്ലാക്കാലത്തും കായ്ക്കുമെങ്കിലും ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണു മറുള സീസണായി അറിയപ്പെടുന്നത്. മറുളപഴങ്ങളുടെ പ്രധാന വിളവെടുപ്പുകാലവും ഇതാണ്. ഇക്കാലത്ത് മറുള മരച്ചോട്ടിൽ, നമ്മുടെ ബവ്റിജ് ഷോപ്പിനെ വെല്ലുന്ന തിരക്കാവും.
സീസണിലുണ്ടാവുന്ന പഴത്തിന് കൂടുതൽ രുചിയും ലഹരിയുമുണ്ടെന്ന് കാട്ടിലെ കുടിയൻമാർ കൂടുതൽ പഴമകത്താക്കി സാക്ഷ്യം പറയുന്നു. മറുളയുടെ വീര്യം കണ്ടറിഞ്ഞ നാട്ടുകാർ പണ്ടേ അതു വാറ്റി സ്വയം പര്യാപ്തത നേടിയിട്ടുണ്ട്. സർക്കാർ ‘അമറുള’ എന്ന പേരിൽ ബ്രാൻഡഡ് മദ്യവും വിപണിയിലെത്തിച്ചിട്ടുണ്ട്. റഷ്യയിൽ വോഡ്ക പോലെ, ഗോവയിൽ ഫെനി പോലെ ആഫ്രിക്കയിൽ ‘അമറുള’ രുചിക്കലും ടൂറിസത്തിന്റെ ഭാഗം