ജപ്പാനിൽ ടോക്കിയോയിക്ക് സമീപമുള്ള ഒരു നീലത്താഴ്‌വരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്
നോക്കെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന നീല നിറത്തിലുള്ള പൂക്കളുടെ കാഴ്ചയാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.
ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിലാണ് കാഴ്ച വസന്തം. എല്ലാ വസന്തകാലത്തും പൂവിടുന്ന ഈ മനോഹര കാഴ്ച കാണാൻ സഞ്ചാരികളും എത്താറുണ്ട്.
പൂന്തോട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ടതാണ് ഏകദേശം 350 ഹെക്ടർ വിസ്തൃതിയുള്ള ഈ പാർക്ക്. പൂക്കളുടെ ഭംഗിയുള്ള കാഴ്ചയ്ക്ക് പുറമേ സൈക്ലിങ് പോലുള്ള വിനോദപരിപാടികളും പാർക്ക് സന്ദർശിക്കാനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
നീല നിറത്തിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചെടി നെമോഫില എന്നാണ് അറിയപ്പെടുന്നത്. ബേബി ബ്ലൂ ഐയ്സ് എന്ന പേരും ഇവയ്ക്കുണ്ട്.
പടിഞ്ഞാറൻ അമേരിക്കയാണ് ഈ പൂക്കളുടെ സ്വദേശം. മെക്സിക്കോയിലും തെക്കുകിഴക്കന്‍ അമേരിക്കയിലും ഇവ കാണപ്പെടാറുണ്ട്.