കേരളത്തിലെ വീടുകളിൽ അലങ്കാര സസ്യ ഗണത്തിൽ ഇടം പിടിക്കുകയാണ് ക്യാറ്റ്സ് ക്ലോ വൈൻ (Dolichandra unguis-cati) എന്ന അധിനിവേശ സസ്യം
ബിഗ്നോണിയേസി സസ്യകുടുംബാംഗമായ ക്യാറ്റ്സ് ക്ലോയെ നമ്മുടെ കണിക്കൊന്നയോട് സാദൃശ്യം പറയാമെങ്കിലും മധ്യ തെക്കേ -അമേരിക്ക, കരീബിയൻ കാടുകൾ എന്നിവിടങ്ങളിലാണ് ഉദ്ഭവം. നമ്മുടെ നഴ്സറികളിൽ അലങ്കാരത്തിനും, പൂച്ചെടിയായും കാറ്റ്സ് ക്ലോ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
പൂച്ച നഖം പോലെയുള്ള ചെറു മുള്ളുകൾ ഉള്ളതിനാലാണ് ഇവയ്ക്ക് കാറ്റ്സ് ക്ലോ എന്ന പേര് തന്നെ വീണത്. പൂച്ച മുള്ള് പോലെയുള്ള കൊളുത്തുകളിൽ പറ്റിപ്പിടിച്ചാണ് ഇവ പടർന്ന് കയറുന്നത്.
വർഷത്തിൽ രണ്ട് തവണ പൂവിടുമെങ്കിലും കൂടുതൽ ദിവസം പൂവിട്ട് നിൽക്കുന്ന കാഴ്ചയാണ് ഇവയെ നയന മനോഹരമാക്കുന്നത്. നാടോടി വൈദ്യത്തിൽ പാമ്പുകടിക്കുള്ള മറുമരുന്നായി ഇതിന്റെ ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ട്. ചർമ്മ, കുടൽ സംബന്ധമായ രോഗങ്ങൾക്കും,വാതം,ഡിസെന്ററി, മലേറിയ, ഒലിഗുറിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായും കാറ്റ്സ് ക്ലോ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.
കാര്യം ഇതൊക്കെയാണെങ്കിലും ഈ കളയെ കുറിച്ച് കൂടുതലറിഞ്ഞാൽ ആ ഭംഗിയൊക്കെ നമ്മൾ അങ്ങ് മറക്കും . ഏറ്റവും വിനാശകരമായ വിദേശ വള്ളിച്ചെടികളിൽ ഒന്നാണ് കാറ്റ്സ് ക്ലോ. തോന്നിയ പോലെ പടർന്നുകയറി പറ്റിപ്പിടിച്ച് മരങ്ങളെ ഇവ കഴുത്ത് െഞരിച്ചു കൊല്ലുന്നു. പടർന്നുകയറി മിനക്കെടുത്തുന്ന ഇവയെ ഒഴിവാക്കാൻ പല വിദേശ രാജ്യങ്ങളും ഭീമമായ തുകയാണ് ചിലവഴിക്കുന്നത്.