ന്യൂസീലൻഡ് സൊസൈറ്റി ഓഫ് പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൈൻസ്റ്റ് ആനിമൽസ് അഥവാ എസ്പിഎസ്എ ആണ് ന്യൂസീലൻഡിൽ പ്രഖ്യാപിച്ച പൂച്ചവേട്ട ക്രൂരമാണെന്നും കുട്ടികളിൽ ക്രിമിനൽ വാസന വർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്
നോർത്ത് കാന്റൻബറി ഹണ്ടിങ് കോംപറ്റീഷൻ എന്നാണ് ഈ പൂച്ചയെ കൊല്ലുന്ന മത്സരത്തിന് നൽകിയിരിക്കുന്ന പേര്. ജൂൺ മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫെറൽ ക്യാറ്റ്സ് അഥവാ തെരുവ് പൂച്ചകളെ കൊല്ലുന്ന കുട്ടിക്ക് 250 ഡോളറാണ് സമ്മാന തുകയായി പ്രഖ്യാപിച്ചിരുന്നത്.
പ്രദേശത്തെ ഒരു പ്രാദേശിക സ്കൂളിന് വേണ്ടിയുള്ള ധനശേഖരാർഥമാണ് ഈ വേട്ടയാടൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ വാദം. തെരുവ് പൂച്ചകളെയും വളർത്തു പൂച്ചകളെയും എങ്ങനെ തിരിച്ചറിയും എന്നാണ് എസ്പിഎസ്എ ഉയർത്തുന്ന പ്രധാനപ്പെട്ട ചോദ്യം.
ഈ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ലെന്നതും വിമർശന വിധേയമായ കാര്യമാണ്. കൂടാതെ കുട്ടികൾ എയർ റൈഫിളുകളും മറ്റും ഉപയോഗിച്ചാണ് പൂച്ചകളെ വേട്ടയാടുന്നത്. ഇത് മൂലം പല പൂച്ചകളും ഉടനെ ജീവൻവെടിയില്ലെന്നും എസ്പിഎസ്എ വിശദീകരിച്ചു.
പല പൂച്ചകൾക്കും മാരകമായി പരുക്കേൽക്കും തുടർന്ന് ദിവസങ്ങളോളം നീണ്ട യാതനകൾക്ക് ഒടുവിലാണ് ഇവ മരണത്തിന് കീഴടങ്ങുക. ഇതും ഈ പൂച്ച വേട്ട മത്സരിത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.