ഇങ്ങിനെയൊരു കാർ നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ബോഡിയിലേക്കു ചേർന്നു പോകുന്ന ഡോർ ഹാൻഡിലുകളും പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ് കളും വ്യത്യസ്തമായ എയർ ഡാമുകളുള്ള മുൻഭാഗവും പുതുമയായ കൂപെ പിൻവശവും ചേർന്ന് കർവിനെ വ്യത്യസ്തമാക്കുന്നു.
പിയാനോ ഗ്ലോസി ഫിനിഷുള്ള വീൽ ആർച്ചുകളും വശങ്ങളിലെ ക്ലാഡിങ്ങും സുന്ദരം.
എയ്റോ ഡൈനാമിക് ഡോർ ഹാൻഡിലുകളെപ്പറ്റിയൊരു ദോഷം പറയാനുണ്ട്. പലപ്പോഴും രണ്ടു കൈകൊണ്ടു ശ്രമിച്ചാലേ ഡോർ തുറക്കൂ. ശീലക്കുറവാണെന്നു കരുതാം.
4310 മി മി നീളം, 1810 മി മി ഉയരം, 1637 മി മി വീതി, 2560 മി മി വീൽബേസ്. കർവ് നെക്സോണിനെക്കാൾ വലുതാണ്, എം ജി സി എസ് ഇവിക്കു തുല്യവുമാണ്.
വലിയ 500 ലീറ്റർ ഡിക്കിയിൽ മറ്റു ടാറ്റ ഇവികളിൽ നിന്നു വ്യത്യസ്തമായി സ്പെയർവീലുമുണ്ട്. മുന്നിൽ മോട്ടോറിനു മുകളിലുള്ള 12 ലീറ്റർസ്റ്റോറേജിന് ചാർജറിനെ ഉൾക്കൊള്ളാനാവും.
ഉൾവശത്ത് ശ്രദ്ധേയം തിളങ്ങുന്ന കറുപ്പും സിൽവറും സമാസമം ചേർന്നു നിൽക്കുന്ന ഡാഷ് ബോർഡ്. പൂതിയ നാലു സ്പോക്ക് സ്റ്റീയറിങ് മറ്റു ടാറ്റകളിലെപ്പോലെ ഇലൂമിനേറ്റഡ്. മുന്നിൽ വെൻറിലേറ്റ് സീറ്റുകൾ.
ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലായും കോഡ്രൈവർ സീറ്റ് മെക്കാനിക്കലായും ക്രമീകരിക്കാം. പിൻ സീറ്റും റിക്ലൈൻ ചെയ്യാം.
പനോരമിക് സൺറൂഫ്. വലിയ 10.2 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററിൽ നാവിഗേഷൻ ഡിസ്പ്ലേ. മാത്രമല്ല ഇൻഡിക്കേറ്ററിട്ടാൽ വശങ്ങൾ കാട്ടിത്തരുന്ന ക്യാമറ തെളിയും.
റേഞ്ചടക്കം എല്ലാ വിവരങ്ങളും വിശദമായി ഈ ക്ലസ്റ്ററിൽ മിഴിവോടെ കാണാം. മധ്യത്തിലായുള്ള 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്സിസ്റ്റം, 9 ജെബിഎൽ തിയെറ്റർ സ്പീക്കേഴ്സ്.
ആംബിയൻറ് ലൈറ്റിങ്,360 ക്യാമറ, വയർലെസ് ചാർജർ, ഓട്ടോ ഹെഡ് ലാംപ്, വൈപ്പർ. ജെസ്റ്റർ നിയന്ത്രിത ഡിക്കി ഡോർ. എല്ലാ സംവിധാനങ്ങളും ഡ്രൈവറുടെ ശബ്ദനിയന്ത്രണത്തിൽ പ്രവർത്തിക്കും. സൗകര്യങ്ങളിലും ഫിനിഷിലും മെർക്ക്, ബീമർ, ഔഡി നിലവാരം..