യാത്ര ചെയ്തു മടുക്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നിയാൽ, ഇതാ കോഫി മേക്കർ.
സഹയാത്രികന് തണുപ്പു സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പ്.
പെറ്റ്സ് കൂടെയുണ്ടെങ്കിൽ പിൻ സീറ്റിൽ അവയ്ക്കായിപ്രത്യേക കിടപ്പാടം. യാത്രയ്ക്കിടെ സുഹൃത്തിന്റെ ഇവി റേഞ്ചില്ലാതെ വഴിയിൽക്കിടക്കുന്നതു കണ്ടാൽ കുറച്ച് കറന്റ് കൊടുത്തു സഹായിക്കാൻ വെഹിക്കിൾ ടു വെഹിക്കിൾ ചാർജർ.
ടാറ്റയുടെ കർവ്.ഇവി വെറുമൊരു കാറല്ല, ഒരു സംഭവമാണ്. റേഞ്ചിന്റെ കാര്യത്തിലാണെങ്കിൽ തമ്പുരാൻ: ഒറ്റ ചാർജിങ്ങിൽ 585 കി.മീ.
ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂപ്പെയാണ് കർവ്. എസ്‌യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല.
വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല. കർവ് ഈ കുറവ് പരിഹരിക്കുകയാണ്.
ശരാശരി ഇന്ത്യക്കാരന്റെ ബലഹീനതയായ എസ്‌യുവിയിൽ കൂപ്പെ സ്റ്റൈലിങ് കൂടി കൊണ്ടുവരാൻ ടാറ്റ നടത്തിയ ശ്രമം വിഫലമല്ലെന്ന് കർവ് കണ്ടാൽ പിടികിട്ടും.