വൃക്കരോഗം സങ്കീർണമാകുന്നതിന്റെ 6 സൂചനകൾ

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്

content-mm-mo-web-stories 1sejjbpdmel0mkm45rc184e5nt 5hv7hlipjsa3m3fj5uib7sb1o1 complicated-kidney-disease-6-symptoms content-mm-mo-web-stories-health-2022 content-mm-mo-web-stories-health

മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു

ക്ഷീണവും ശ്വാസം മുട്ടും

വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും

മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്

രുചിയില്ലായ്മയും ദുർഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും

ചൊറിച്ചിൽ

ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും

വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക