ആർത്തവസമയത്തെ അമിത രക്തസ്രാവം സാധാരണയായി കാണുന്ന ഒരു സങ്കീർണതയാണ്. ആർത്തവകാലത്ത് രണ്ടു ദിവസം മുതൽ ഏഴു ദിവസം വരെയാണ് ബ്ലീഡിങ് ഉണ്ടാകാറുള്ളത്
ആദ്യ ദിവസത്തിൽ നാല് പാഡ് വരെ മാറ്റുന്ന തരത്തിൽ ബ്ലീഡിങ് വരാം. 45 മുതൽ 50 മില്ലി വരെ രക്തമാണ് ഒരു ആർത്തവത്തിന്റെ സമയത്തു സ്ത്രീശരീരത്തിൽ നിന്നു പുറത്തേക്കു പോകുന്നത്
അതിൽ കൂടുതൽ രക്തം പോകുകയോ ഏഴു ദിവസത്തിൽ കൂടുതൽ ബ്ലീഡിങ് തുടരുകയോ രക്തം കട്ടയായി പുറത്തേക്കു പോകുകയോ ചെയ്യുന്നതിനെയാണ് അമിത രക്തസ്രാവം എന്നു പറയുന്നത്
ഹോർമോണൽ വ്യതിയാനം, ഗർഭപാത്രത്തിലെ മുഴ, തടിപ്പ്, ഗർഭപാത്രത്തിനകത്തെ ഭിത്തിയിലെ പോളിപ്പ്, പാളിയിലെ അണുബാധ എന്നിവയാണ് അമിത രക്തസ്രാവത്തിന്റെ പൊതുവായ കാരണങ്ങൾ
തൈറോയ്ഡ് പ്രശ്നങ്ങളും അമിത രക്തസ്രാവത്തിലേക്കു നയിക്കാറുണ്ട്. താങ്കളുടെ കത്തിൽ ഗർഭാശയത്തിൽ മുഴകളുണ്ട് എന്നു പറയുന്നു. ഗർഭപാത്രത്തിനകത്ത്, അതിന്റെ ഭിത്തിയിൽ, ഗർഭപാത്രത്തിനു പുറത്ത് വളരുന്നവ എന്നിങ്ങനെ മൂന്നു തരത്തിലാണ് മുഴകൾ
പുറത്തേക്കു വളരുന്നതോ ഭിത്തിയിൽ വളരുന്നതോ ആയ ചെറിയ മുഴകൾക്ക് പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ല. ഗർഭാശയത്തിനകത്തു വളരുന്ന മുഴകൾ പ്രശ്നക്കാരാണ്. പരിശോധനാഫലം കണ്ടതിനുശേഷമേ മുഴകൾ എത്തരത്തിലുള്ളതാണെന്നു പറയാനാകൂ
ചിലപ്പോൾ താങ്കളിലെ അമിത രക്തസ്രാവത്തിനു കാരണം ഹോർമോണൽ വ്യതിയാനവുമാകാം
രക്തക്കുറവിന്റെ ചികിത്സ തുടരുക. അമിത രക്തസ്രാവമാണ് രക്തക്കുറവിനു കാരണമെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സകൾ തേടേണ്ടതാണ്