മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ.
മുറിവുകൾക്കും പൊട്ടലുകൾക്കും കാരണമാകുമെന്നു മാത്രമല്ല, ദൈനംദിനകാര്യങ്ങൾ നിർവഹിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെത്തന്നെ അതു ബാധിക്കും.
വീഴ്ചയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ മാനസികമായി ചിലരെ ബാധിച്ചേക്കാം.
കാഴ്ചക്കുറവ്, മസിലുകളുടെ ബലക്ഷയം, ശാരീരിക പ്രവർത്തനങ്ങളുടെ ഏകോപനത്തിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ വീഴ്ചയ്ക്കു കാരണമായേക്കാം.
ഹൃദയം, മസ്തിഷ്‌കം, അസ്ഥികൾ, സന്ധികൾ തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങൾ, തൈറോയ്ഡ്, പ്രമേഹം തുടങ്ങിയവ ശരീരത്തിന്റെ ബാലൻസിനെ ബാധിക്കാം
വിവിധ മരുന്നുകൾ കഴിക്കുന്നതുമൂലം ചിലപ്പോൾ മന്ദതയോ തലകറക്കമോ ഉണ്ടാകുകയും അതു വീഴ്ചയിലേക്കു നയിക്കുകയും ചെയ്യാം.
വെളിച്ചക്കുറവ്, മിനുസമുള്ള തറ, തറയിൽ ചിതറിക്കിടക്കുന്ന പേപ്പറുകളോ മറ്റു വസ്തുക്കളോ, മുറിയിൽ തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ തുടങ്ങിയവയാകാം കിടപ്പുമുറി, ടോയ്‌ലറ്റ് എന്നിവിടങ്ങളിലെ വീഴ്ചയ്ക്കു കാരണം