തിരുവനന്തപുരം നഗരത്തിൽ കുമാരപുരത്തുള്ള വെറും 5 സെന്റിലാണ് ജയകുമാരൻ തമ്പിയുടെ വീട്. അധികം കണ്ടിട്ടില്ലാത്ത പ്ലെയിൻ എലിവേഷനാണ്. വീടിന്റെ അകംപുറം വെള്ള നിറത്തിന്റെ തെളിമയിലാണ്.
രണ്ടു വാഹനങ്ങൾ പോർച്ചിൽ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയുണ്ട്. മൊത്തം 2500 ചതുരശ്രയടിയാണ് വിസ്തീർണം.
സിമന്റ് ഫിനിഷാണ് സീലിങ്ങിൽ തെളിയുന്നത്. ഇതിനോട് യോജിക്കുന്ന ചാരനിറമുള്ള ടൈലുകളാണ് നിലത്തുവിരിച്ചത്. അനാവശ്യമായ കടുംനിറങ്ങളോ ടെക്സ്ചർ, പാനലിങ് തുടങ്ങിയ ആഡംബരങ്ങളോ വീട്ടിലില്ല.
ഉള്ളിൽ നല്ല വിശാലത അനുഭവപ്പെടുന്നു. വീടിനകത്ത് പറ്റാവുന്ന ഇടങ്ങളിലെല്ലാം പച്ചത്തുരുത്തുകൾ സജ്ജമാക്കി. സ്വീകരണമുറിയിൽ ഒരു ഡബിൾഹൈറ്റ് കോർട്യാർഡുണ്ട്. അവിടെനിന്നും ഡൈനിങ്ങിൽ എത്തുമ്പോഴും ഒരു ഗ്രീൻ കോർട്യാർഡ് കാണാം. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ഇവിടേക്ക് കടക്കാം.
കാറ്റ്, വെളിച്ചം, പച്ചപ്പ് എന്നിവ ഒരുമിക്കുന്നതിലൂടെ സമാധാനമുള്ള ഒരു അന്തരീക്ഷം വീടിനുള്ളിൽ എപ്പോഴും പരിലസിക്കുന്നതായി അനുഭവപ്പെടും.
ഏറ്റവും വലിയ സവിശേഷത ഉള്ളിലേക്ക് കയറിയാൽ വെറും 5 സെന്റിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നുള്ളതാണ്