പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിയിലാണ് ജസീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സുകൂൻ എന്നാണ് ഈ വീടിന്റെ പേര്. ഉറുദുഭാഷയിൽ 'പ്രശാന്തത' എന്നർഥം.
നിരപ്പുവ്യത്യാസമുള്ള പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ ഉള്ളിൽ ഇടങ്ങൾ തമ്മിൽ നിരപ്പുവ്യത്യാസമുണ്ട്. രണ്ടുതട്ടായി കിടക്കുന്ന ഷിംഗിൾസ് വിരിച്ച മേൽക്കൂരയും ഫ്ലാറ്റ് റൂഫുമാണ് വീടിന്റെ പുറംകാഴ്ച അടയാളപ്പെടുത്തുന്നത്.
കാർ പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 5500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഡബിൾ ഹൈറ്റിലാണ് ഗ്രൗണ്ട് ഫ്ലോറിലെ മിക്കയിടങ്ങളും നിർമിച്ചത്. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരിടത്തെത്തിയ പ്രതീതി ലഭിക്കുന്നു. വാതിൽ തുറന്നു കയറുമ്പോൾ ആദ്യം ഡബിൾ ഹൈറ്റിലൊരുക്കിയ ഗസ്റ്റ് ലിവിങ് കാണാം.
ഗ്രൗണ്ട് ഫ്ലോറിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. സ്റ്റീൽ+ ഗ്ലാസ് മേൽക്കൂരയുള്ള ഇവിടെ നിലത്ത് കരിങ്കല്ല് വിരിച്ചു.സിറ്റൗട്ടിലെ കോർട്യാർഡിന്റെ ഹരിതാഭമായ തുടർച്ചയാണ് ഇവിടെ കാണാൻകഴിയുക.
ഡബിൾ ഹൈറ്റിലുള്ള ഡൈനിങ് ഇരുനിലകളെയും ബന്ധിപ്പിക്കുന്ന ഇടമായി വർത്തിക്കുന്നു. ഡൈനിങ്ങിൽ നിന്നും പാഷ്യോ പോലെയുള്ള കോർട്യാർഡ് സ്‌പേസിലേക്കിറങ്ങാം.