ഡോക്ടർ ദമ്പതികളായ അനൂപും ആര്യയും തിരുവനന്തപുരത്ത് നിർമിച്ച വീട് ഇന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. രൂപകൽപനാമികവിനുള്ള 2020 ലെ വേൾഡ് ആർക്കിടെക്ചർ അവാർഡാണ് ഈ വീടിനെ തേടിയെത്തിയത്. വീട് രൂപകൽപന ചെയ്തത് ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസ് ആണ്.
ഇഷ്ടിക കൊണ്ടു പടുത്തുയർത്തി തേക്കാതെ നിലനിർത്തിയ ചുവരുകളാണ് വീടിന്റെ ഹൈലൈറ്റ്. പെയിന്റിന് പകരം കല്ലുകൾ മിനുസമാക്കാൻ ഉപയോഗിക്കുന്ന സ്റ്റോൺ ക്ലിയറാണ് ഇഷ്ടികയിൽ പൂശിയത്. ചോർച്ചയും ഈർപ്പവും ഒഴിവാക്കാൻ വാട്ടർപ്രൂഫിങും നൽകി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, കൺസൾട്ടിങ് റൂം എന്നിവയാണ് 4250 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇതിൽ ഗസ്റ്റ് ബെഡ്‌റൂം, കൺസൾട്ടിങ് റൂം എന്നിവ സ്വകാര്യതയെ കരുതി മാറ്റിനിർമിച്ചു.
മേൽക്കൂരയിൽ വീഴുന്ന വെള്ളം മുഴുവൻ റെയിൻ വാട്ടർ ഹാർവസ്റ്റിങ് ടാങ്കിൽ ശേഖരിക്കുന്നു. വീട്ടിലെ ഊർജ ആവശ്യങ്ങളെല്ലാം മേൽക്കൂരയിലെ സോളർ പ്ലാന്റ് നിർവഹിക്കുന്നു. വീട്ടിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ബയോഗ്യാസ് പ്ളാന്റുമുണ്ട്.