കോഴിക്കോട് കൊയിലാണ്ടിയിലാണ് റാഷിദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 7 സെന്റ് സ്ഥലം വാങ്ങിയാണ് വീടുവച്ചത്. 30 ലക്ഷം രൂപ ബജറ്റിൽ മൂന്നു കിടപ്പുമുറികളുള്ള വീട് എന്ന ആവശ്യമാണ് വീട്ടുകാർക്കുണ്ടായിരുന്നത്.
കേരളത്തിന്റെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് സ്ലോപ് റൂഫ് ചെയ്തത്. പുറംഭിത്തിയിൽ പ്ലാസ്റ്ററിങ് സമയത്ത് ഗ്രൂവുകൾ വേർതിരിച്ച് പിന്നീട് പെയിന്റടിച്ചാണ് പുറംകാഴ്ച ആകർഷകമാക്കിയത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ACP (Aluminium Composite Panel) ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ്. ഇതും ചെലവ് കുറയ്ക്കാൻ സഹായകരമായി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറിയിലെ ഒരു ഭിത്തി ഹൈലൈറ്റർ നിറംനൽകി. മുകളിലെ കിടപ്പുമുറിയുടെ സീലിങിനോട് ചേർന്ന് ഗ്ലാസ് വോളുണ്ട്. ഇത് രാത്രിയിൽ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു.