കോഴിക്കോട് ജില്ലയിലെ നടുവട്ടം എന്ന സ്ഥലത്താണ് പ്രവാസിയായ റഊഫിന്റെ പുതിയ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് വീടിന്റെ ഹൈലൈറ്റ്. വെറും 5.25 സെന്റിലാണ് ഈ വീട് നിർമിച്ചത്.
ചെറിയ പ്ലോട്ടിൽ പരമാവധി കാഴ്ച ലഭിക്കാനായി മേൽക്കൂര നിരപ്പായും ചരിച്ചും വാർത്തു. മുറ്റം താന്തൂർ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. രാത്രിയിൽ ഹൈലൈറ്റർ വിളക്കുകൾ തെളിയുമ്പോൾ വീട് കാണാൻ മറ്റൊരു ലുക്കാണ്. പകൽ കണ്ട വീട് അല്ല ഇതെന്ന് തോന്നിപ്പോകും.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, പ്രെയർ ഏരിയ , ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
സ്വകാര്യത നൽകി സ്വീകരണമുറി വേർതിരിച്ചു. അവിടെ നിന്നും പ്രവേശിക്കുന്നത് ഡൈനിങ് ഹാളിലേക്കാണ്. ഇത് ഓപ്പൺ പ്ലാനിൽ ഒരുക്കിയതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു.
സ്‌റ്റെയറിന്റെ ഭാഗം ഡബിൾ ഹൈറ്റിലാണ്. ഇവിടെ എയർ വെന്റുകൾ നൽകി. ചൂട് വായു ഇതിലൂടെ പുറത്തേക്ക് പോകുന്നതിനാൽ വീടിനകത്ത് സുഖകരമായ കാലാവസ്ഥ നിലനിൽക്കും. വുഡ്+ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് സ്റ്റെയർ. പടികളിലും തടിയാണ് വിരിച്ചത്.
കിടപ്പുമുറികളിൽ ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി. സ്റ്റോറേജ് സുഗമമാക്കാൻ വാഡ്രോബുകൾ നൽകി. മൂന്നു കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം നൽകി.
പ്ലൈവുഡ്+ഓട്ടോ പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.