കേരളത്തനിമയുടെ നന്മകളും പുതിയകാലത്തിന്റെ സൗകര്യങ്ങളും സമ്മേളിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാരൻ പ്രവാസി കോശി ജോർജിന്റെ ഭവനത്തിൽ. ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയാണ് മുൻഭാഗത്ത് കേരളത്തനിമ നിറയ്ക്കുന്നത്. പിന്നിലായി ഫ്ലാറ്റ് റൂഫും ഒരുക്കിയിട്ടുണ്ട്.അത്യാവശ്യം സ്ഥലം ഉള്ളതുകൊണ്ട് ലാൻഡ്സ്കേപ്പിനും വീടുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയത്.
വീട്ടുകാർ തമ്മിൽ സുഗമമായ ആശയവിനിമയം സാധ്യമാക്കാൻ തുറസായ നയത്തിലാണ് അകത്തളങ്ങൾ. ഇൻഡോർ പ്ലാന്റുകളും പെബിൾസും നടുമുറ്റം അലങ്കരിക്കുന്നു.
നടുമുറ്റത്തെ കേന്ദ്രീകരിച്ചാണ് ഓരോ ഇടങ്ങളും വിന്യസിച്ചത്. 350 ചതുരശ്രയടിയോളം നടുമുറ്റത്തിനായി മാറ്റിവച്ചു. പുറത്തുള്ള പ്രകൃതിയുടെ ഒരു പരിഛേദം ഉള്ളിൽ നിറച്ചിരിക്കുകയാണ്. സ്‌കൈലൈറ്റ് സീലിങ്ങിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.
വിശാലതയാണ് കിടപ്പുമുറികളുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം മുറികളിൽ സജീകരിച്ചു.