തിരുവനന്തപുരം തിരുമലയാണ് ഗോപികൃഷ്ണന്റെയും മീരയുടെയും പുതിയ വീട്. ചുറ്റുപാടും കെട്ടിടങ്ങളുള്ള പ്രദേശത്ത് റോഡരികിലുള്ള 6 സെന്റ് വാങ്ങിയാണ് വീടുപണിതത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഇതിനെ വേറിട്ടുനിർത്തുന്നത് പുറംഭിത്തിയിൽ ഒട്ടിച്ച റെഡ് സാൻഡ് സ്‌റ്റോൺ ക്ലാഡിങ്ങാണ്.
വീട്ടിലെ പ്രധാന ഒത്തുചേരൽ ഇടമായിട്ടാണ് ഇവിടെ ബാൽക്കണി വേർതിരിച്ചത്. എലിവേഷന്റെ ഭംഗിയിലും ബാൽക്കണിക്ക് പ്രത്യേക സ്ഥാനമുണ്ട്.
മിനിമലിസം അടിസ്ഥാനമാക്കിയാണ് അകത്തളങ്ങൾ ഒരുക്കിയത്. അലങ്കാരത്തിന് വേണ്ടിയുള്ള 'ആടയാഭരണങ്ങൾ' ഒന്നുംതന്നെയില്ല. ഫോൾസ് സീലിങ്, കണ്ണിൽ തുളച്ചുകയറുന്ന ലൈറ്റുകൾ, ക്ലാഡിങ് പോലെയുള്ള ഒന്നും ഉള്ളിലില്ല. അതിന്റെ സ്വാഭാവികത്തെളിച്ചം ഉള്ളിലുണ്ട്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ടെറസ് എന്നിവ വരുന്നു. മൊത്തം 2300 ചതുരശ്രയടിയാണ് വിസ്തീർണം.
സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ എത്തുമ്പോൾ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജനാലയുണ്ട്.
നാലു കിടപ്പുമുറികളും ലളിതമായി ചിട്ടപ്പെടുത്തി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ഒരുക്കി. ഒരു കിടപ്പുമുറിയിൽ ലൈബ്രറിയും സ്റ്റഡി സ്‌പേസും ചിട്ടപ്പെടുത്തി.
ഏറെ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് വ്യത്യസ്ത രൂപഭംഗിയും സൗകര്യങ്ങളുമുള്ള ഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.