കവടിയാറിൽ 4 സെന്റിലുണ്ടായിരുന്ന 35 വർഷത്തോളം പഴക്കമുള്ള വീട് നവീകരിച്ച കഥയാണിത്. കോർട്ടൻ സ്‌റ്റീൽ കൊണ്ടുള്ള മുഖാവരണമാണ് പുതിയ വീടിന്റെ ഹൈലൈറ്റ്. ഇതുകൊണ്ട് ബഹുവിധ ഗുണങ്ങളുണ്ട്. പുറമെനിന്നുള്ള കാഴ്ചകൾ പരമാവധി മറയ്ക്കാം. എന്നാൽ ഉള്ളിൽനിന്നുകൊണ്ട് പുറത്തെ കാഴ്ചകളെല്ലാം നിരീക്ഷിക്കുകയുംചെയ്യാം. പടിഞ്ഞാറ് ദർശനമായുള്ള വീടിനെ വെയിലിൽനിന്ന് സംരക്ഷിക്കുന്ന സൺഷെയ്ഡായും ഇത് പ്രവർത്തിക്കുന്നു.
വീടിന് ശരിക്കും ഒരു ബേസ്മെന്റ് നില കൂടിയുണ്ട്. ഇത് കാർ പോർച്ചായി ഉപയോഗിക്കുന്നു. താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയുണ്ട്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ വരുന്നു. മൊത്തം 2550 ചതുരശ്രയടിയാണ് വിസ്തീർണം.
ഡൈനിങ്ങിൽ വാഷ് ഏരിയയുടെ ഭിത്തിയിലുള്ള മ്യൂറൽ പെയിന്റിങ് വീടിനുള്ളിലെ ഹൈലൈറ്റാണ്. ഡിസൈൻ ടീമിലെ ആർട്ടിസ്റ്റുകൾ വരച്ചുകൊടുത്തതാണിത്.
ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്.
വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി. കിടപ്പുമുറികളിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് ബാൽക്കണി കോറിഡോറിലേക്ക് കടക്കാം. ഇവിടെയെല്ലാം കോർട്ടൻ സൺഷെയ്‌ഡ് ഹാജർ വയ്ക്കുന്നുണ്ട്.
ചെറിയ സ്ഥലത്തും പരമാവധി പച്ചപ്പ് നൽകിയിട്ടുണ്ട്. ചെറിയ മുറ്റത്ത് പോണ്ടും ക്രീപ്പറുകൾക്കായി ഏരിയയുമുണ്ട്. ഉള്ളിൽ ധാരാളം ഇൻഡോർ ചെടികൾ കോർട്യാർഡുകളിലടക്കം ഹാജർ വയ്ക്കുന്നു.