ആലുവാപ്പുഴയുടെ മനോഹരകാഴ്ചകളെ ഫോക്കൽ പോയിന്റാക്കിയാണ് ഈ വീട് ഡിസൈൻ ചെയ്തത്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ചേർന്നവിധം ജിഐ ട്രസ് ചെയ്ത് ടെറാക്കോട്ട ഓടുകൾ വിരിച്ചാണ് മേൽക്കൂര നിർമിച്ചത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെനിലയിലുള്ളത്. മുകൾനിലയിൽ അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, മൾട്ടി യൂട്ടിലിറ്റി ഇടങ്ങൾ എന്നിവയുമുണ്ട്. പോർച്ചിന്റെ മുകളിൽ മെസനൈൻ ശൈലിയിൽ ഒരു സ്റ്റഡി-വർക്ക് സ്‌പേസും ക്രമീകരിച്ചു. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.
അകത്തേക്ക് കയറിയാൽ സെമി- ഓപ്പൺ നയത്തിൽ ഇടങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്നപോലെയാണ് ക്രമീകരണം. പല ഷെയ്ഡുകളുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു.
അപ്പർ ലിവിങ്ങിൽ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ തുറന്നാൽ പുഴയുടെയും തെങ്ങിൻതോപ്പുകളുടെയും മനോഹരദൃശ്യം ആസ്വദിക്കാവുന്ന ബാൽക്കണിയിലേക്കിറങ്ങാം.
ഡൈനിങ്ങിന്റെ വശത്തെ ഫോൾഡിങ് ഗ്ലാസ് ഡോറുകൾ തുറന്നാൽ പുഴയുടെ കാഴ്ചകൾ വീടിനുള്ളിലേക്ക് വിരുന്നെത്തും.
കിടപ്പുമുറികളിൽ പുഴയുടെ മനോഹാരിത ആസ്വദിക്കാൻ പാകത്തിൽ ഇരിപ്പിടസൗകര്യമുള്ള ബേവിൻഡോകൾ ഹാജരുണ്ട്. സ്റ്റഡി സ്‌പേസ്, വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവയും മുറികൾക്ക് അനുബന്ധമായുണ്ട്.