തൃശൂർ എമ്മാടാണ് അധ്യാപകനായ രാഗേഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കണ്ടാൽ ഒരുനില വീടാണെങ്കിലും ഇരുനിലയുടെ സൗകര്യങ്ങൾ ഉള്ളിലുണ്ട്. മേൽക്കൂര ഡബിൾഹൈറ്റിൽ പണിത് മെസനൈൻ ശൈലിയിലാണ് മുകളിൽ മുറികൾ ചിട്ടപ്പെടുത്തിയത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, മുകളിലെ മൾട്ടിയൂട്ടിലിറ്റി സ്‌പേസ്, ഓപ്പൺ ടെറസ് എന്നിവയാണ് 1200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
മെസനൈൻ ഫ്ലോറിൽ ഏകദേശം 350 ചതുരശ്രയടിയുള്ള വായനാമുറിയാണ് മാഷിന്റെ ലോകം. പുസ്തകം വായിക്കാനും പാട്ടുകേൾക്കാനും മാത്രമല്ല വേണമെങ്കിൽ ഒരു ചെറുകിടപ്പുമുറിയായും ഇത് ഉപയോഗിക്കാം.
സ്റ്റീൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് ഊണുമേശയും ബെഞ്ചും ഗോവണിയുടെ പടവുകളും നിർമിച്ചത്.
പ്രധാനവാതിൽ തുറക്കുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് നടുമുറ്റത്തേക്കാണ്. വെളിച്ചം സമൃദ്ധമായി ഇതുവഴി അകത്തളത്തിലേക്കെത്തുന്നു. നടുമുറ്റത്ത് ഒരു ഊഞ്ഞാലും ഇട്ടിട്ടുണ്ട്.
പരസ്പരം വിനിമയം ചെയ്യുന്ന തരത്തിൽ തുറന്ന നയത്തിലാണ് അകത്തളങ്ങൾ. ഇടങ്ങളെവേർതിരിക്കുന്ന മധ്യസ്ഥനായി വർത്തിക്കുന്നത് നടുമുറ്റമാണ്.
വെട്ടുകല്ലിന്റെ ഭംഗിയാണ് ഈ വീടിന്റെ ആകെത്തുക. പുറംഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്യാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തിയത് ഭംഗിക്കൊപ്പം ചെലവും കുറയ്ക്കാൻ സഹായകരമായി.