കോട്ടയം കടുത്തുരുത്തിയിലാണ് ഫിലിപ്പിന്റെ പുതിയ വീട്. പലതട്ടുകളായി ചരിച്ച് ഓടുമേഞ്ഞ മേൽക്കൂരയാണ് വീടിന്റെ ഹൈലൈറ്റ്. വീട് കാണുന്ന എല്ലാവരുടെയും കണ്ണുടക്കുന്നതും ഈ മേൽക്കൂരയിലേക്കാണ്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 2550 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സെമി ഓപ്പൺ നയത്തിലുള്ള അകത്തളങ്ങളാണ് ഉള്ളിൽ.
മഴയും കാറ്റുമൊക്കെ ആസ്വദിച്ചിരിക്കാൻ പാകത്തിൽ ധാരാളം ഇടങ്ങൾ വീട്ടിലുണ്ട്. സിറ്റൗട്ട് കഴിഞ്ഞാൽ, മഴ പെയ്യുന്ന നടുമുറ്റമാണ് മറ്റൊരു ആകർഷണം. ടെറാക്കോട്ട ജാളികളുടെ സാന്നിധ്യമാണ് വീട്ടിലെ മറ്റൊരു ഹൈലൈറ്റ്.
ഡൈനിങ്ങിന്റെ പിന്നിലെ ഭിത്തി വേർതിരിച്ച് പ്രെയർ സ്‌പേസാക്കി. ഇവിടെ ടെറാക്കോട്ട സ്‌കൈലൈറ്റ് സീലിങ്ങിലൂടെ പ്രകാശം അരിച്ചെത്തുന്നുണ്ട്. ഇത് വശത്തെ വെള്ളച്ചുവരിൽ നിഴൽചിത്രങ്ങൾ തീർക്കുന്നു.
പ്രെയർ സ്‌പേസിന്റെ ഭിത്തിയിലേക്ക് എത്തുന്ന നീണ്ട ഇടനാഴിയുണ്ട്. ഇവിടെയും വലിയൊരു ടെറാക്കോട്ട ജാളി ഭിത്തിയുണ്ട്. ഇവിടെനിന്ന് പിൻവശത്തുള്ള കോർട്യാർഡ് സ്‌പേസിലേക്ക് പ്രവേശിക്കാം.
ലളിതസുന്ദരമാണ് ഓരോ കിടപ്പുമുറികളും. അനാവശ്യ കുത്തിതിരുകലുകളോ കടുംവർണങ്ങളോ ഇവിടെയില്ല. ഒരുവശത്തെ ഭിത്തി നിറയെ പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങളാണ്.