പത്തനംതിട്ട ജില്ലയിലെ പ്ലാങ്കമൺ എന്ന സ്ഥലത്താണ് പ്രവാസിയായ വിജോയുടെയും കുടുംബത്തിന്റെയും സ്വപ്നഭവനം. ട്രസ് ചെയ്ത് ഓടുമേഞ്ഞ മേൽക്കൂരയും ബ്രിക്ക് സ്‌റ്റോൺ ക്ലാഡിങ് പതിപ്പിച്ച ഭിത്തിയും പൂമുഖത്തെ വള്ളിപ്പടർപ്പുകളുമാണ് വീടിന്റെ പുറംകാഴ്ചയിൽ ആദ്യം കണ്ണിലുടക്കുന്നത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4300 ചതുരശ്രയടിയാണ് വിസ്തീർണം.
വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിലൊരുക്കിയ ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. റസ്റ്റിക് ഫിനിഷിലാണ് സ്വീകരണമുറി. എന്നാൽ സമീപമുള്ള ഭിത്തി നീല ടെക്സ്ചർ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
ഴയും വെയിലും ഉള്ളിലെത്തുന്ന മിനി കോർട്യാർഡിന്റെ തുറന്ന മേൽക്കൂരയിലൂടെ ഇൻഡോർ പ്ലാന്റ് പുറത്തേക്ക് തലനീട്ടുന്നു.
ഡൈനിങ്ങിന് അനുബന്ധമായാണ് പ്രധാന കോർട്യാർഡ്. ഇവിടെ ഭിത്തി ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റുമുണ്ട്.
വീട്ടിൽ കുട്ടിപ്പട്ടാളത്തിന്റെ പ്രിയയിടം അവരുടെ കിടപ്പുമുറിയാണ്. ബങ്ക് ബെഡും ധാരാളം സ്റ്റോറേജും ഇവിടെ സജ്ജമാക്കി.
അപ്പർ ലിവിങ് ഒരു റീഡിങ് സ്‌പേസായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു ഭിത്തി ബുക് ഷെൽഫായി പരിവർത്തനം ചെയ്തു.
പുറത്തുള്ള മനോഹരമായ പ്രകൃതിയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന കിടപ്പുമുറികളാണ് വീട്ടിൽ. ശരിക്കും ഒരു റിസോർട്ട് ഫീലിങ് ഇവിടെ ലഭിക്കുന്നു.