തിരുവല്ലയ്ക്കടുത്ത് നന്നൂർ എന്ന സ്ഥലത്താണ് പ്രവാസിയായ റെജിയുടെയും കുടുംബത്തിന്റെയും ഈ ബ്രഹ്മാണ്ഡ വീട് സ്ഥിതിചെയ്യുന്നത്. ഇംഗ്ലിഷ് കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയാണ് വീടിന്.
കാഴ്ചകളുടെ പൊടിപൂരമാണ് ലാൻഡ്സ്കേപ്പിൽ. കൂരയുള്ള കിണറും വാട്ടർ ഫൗണ്ടനും ഗസീബോയും പീരങ്കിയുമെല്ലാം ഇവിടെ ഹാജരുണ്ട്.
അതിനെ വെല്ലുന്ന സർപ്രൈസാണ് പിൻമുറ്റത്ത് ഉള്ളത്. ഒരു വാട്ടർ തീം പാർക്കിനെ അനുസ്മരിപ്പിക്കുന്ന കൃത്രിമ വെള്ളച്ചാട്ടം. ഇതിന് വശത്തായി വിശാലമായ കാർപോർച്ച്.
സ്വർണവർണത്തിൽ വെട്ടിത്തിളങ്ങുകയാണ് ഇന്റീരിയർ. മുന്തിയ ഇറ്റാലിയൻ മാർബിൾ വിരിച്ച ഫ്ലോർ, ഡബിൾഹൈറ്റ് സ്‌പേസുകൾ, സ്വർണപ്രകാശം നിറയ്ക്കുന്ന ഷാൻലിയറുകൾ, ദുബായിൽനിന്നുള്ള റോയൽ ഫർണിച്ചർ, ടെക്സ്ചർ ഫിനിഷുള്ള വോൾപേപ്പർ...അങ്ങനെ എണ്ണിയാൽതീരാത്ത ആഡംബരമാണ് ഇവിടെയുള്ളത്.
10 പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന രാജകീയമായ ഊൺമേശയാണ് വിശാലമായ ഡൈനിങ് സ്‌പേസിലെ ശ്രദ്ധാകേന്ദ്രം.
ഡൈനിങ്ങിന് സമീപമാണ് വീട്ടിലെ വലിയൊരു ഹൈലൈറ്റുള്ളത്. ഇൻഡോർ പൂൾ. ഒരു തീം പാർക്കിനെ അനുസ്മരിപ്പിക്കുന്ന പ്രൈവസിയുള്ള പൂൾ. ഫൗണ്ടനിന്റെ ജലമർമരങ്ങൾ വീടിനുള്ളിൽ എപ്പോഴും നിറയുന്നു.
ഡൈനിങ് ഹാളിൽ ഒരുവശത്ത് പരിപാവനതയോടെ പ്രെയർ സ്‌പേസ് വേർതിരിച്ചു. കോർട്യാർഡ്, ലിഫ്റ്റ് എന്നിവയും ഇവിടെയാണുള്ളത്.
താഴെയും മൂന്നും മുകളിൽ രണ്ടുംകിടപ്പുമുറികൾ. ഒരു ലക്ഷുറി റിസോർട്ടിനെ വെല്ലുന്ന ആഡംബരമാണ് ഓരോ മുറികളിലും നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സിറ്റിങ് സ്‌പേസ് എന്നിവയും അനുബന്ധമായുണ്ട്.
പാൻട്രി- ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുള്ള ഓപ്പൺ കിച്ചൻ. വീട്ടുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. അനുബന്ധമായി വർക്കിങ് കിച്ചനുമുണ്ട്.