മലപ്പുറം ജില്ലയിലെ ഒഴൂരിലാണ് വിശ്വനാഥന്റെയും കുടുംബത്തിന്റെയും പുതിയവീട്. സമീപമുള്ള വീടുകളുടെ കാഴ്ചകളിൽനിന്ന് മാറിനിൽക്കുന്ന എടുപ്പുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അങ്ങനെയാണ് കൊളോണിയൽ ശൈലി തിരഞ്ഞെടുത്തത്...
വീടിന്റെ പുറംകാഴ്ച പരമാവധി ആസ്വദിക്കാൻ പാകത്തിൽ മുറ്റം വേർതിരിച്ചാണ് വീടുപണിതത്. മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു. കൊളോണിയൽ ശൈലിയുടെ സവിശേഷതയായ ഡോർമർ വിൻഡോസും എലിവേഷനിൽ ഭംഗിനിറയ്ക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിൽ. മൊത്തം 2950 ചതുരശ്രയടിയാണ് വിസ്തീർണം.
ഡൈനിങ് ഹാളാണ് വീടിന്റെ കേന്ദ്രബിന്ദു. തുറന്ന നയത്തിലാണ് ഇവിടം ഒരുക്കിയത്. സമീപം ഫാമിലി ലിവിങ് വരുന്നു.
വീട്ടിലെ ഏറ്റവും ആകർഷകമായ ഇടമാണ് കോർട്യാർഡ്. ഇൻഡോർ പ്ലാന്റുകൾ ഇവിടം ഹരിതാഭമാക്കുന്നു. ടെറാക്കോട്ട ജാളി കൊണ്ടാണ് ചുവർ വേർതിരിച്ചത്. സീലിങ് ജിഐ ഫ്രയിമിൽ ഗ്ലാസിട്ടു. താഴെ ഒരു കൊയ് ഫിഷ് പോണ്ടുമുണ്ട്.
ലളിതസുന്ദരമായാണ് കിടപ്പുമുറിയുടെ ഡിസൈൻ. എല്ലാ കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ വ്യത്യസ്തമായ തലയെടുപ്പുള്ള ഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.