തൃശൂർ പാവറട്ടിയിലാണ് അറബിക്- മൊറോക്കൻ സ്‌റ്റൈലിലുള്ള ഗംഭീര പുറംകാഴ്ചയും ക്‌ളാസിക് ശൈലിയിലുള്ള ആഡംബരം നിറയുന്ന ഇന്റീരിയറുമുള്ള ഈ സ്വപ്നഭവനം. നാട്ടിലെ ലാൻഡ്മാർക്കായി മാറണം തന്റെ വീട് എന്ന ഗൃഹനാഥന്റെ ആഗ്രഹമാണ് ഈ വീടിന്റെ പിറവിക്ക് പിന്നിൽ.
മൂന്നു വലിയ മകുടങ്ങളും അതിന്റെ മുന്നിൽ ചെറിയ രണ്ടു മകുടങ്ങളുമാണ് പുറംകാഴ്ച് നിർവചിക്കുന്നത്.
കാർ പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ റൂം, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, മുന്നിലും പിന്നിലും വിശാലമായ ഓപ്പൺ ടെറസ് എന്നിവയാണ് 5200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
രാജകീയ പ്രൗഢിയോടെയാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഫർണിച്ചർ, ഫ്ളോറിങ്, പാനലിങ്, ലൈറ്റിങ് എന്നിവയിലെല്ലാം ഈ പ്രൗഢി പ്രതിഫലിക്കുന്നു.
പ്രധാന വാതിൽ, മറ്റ് തടിപ്പണികൾ, പാനലിങ് എന്നിവയെല്ലാം തേക്കിലാണ് നിർമിച്ചത്. ഫർണിച്ചറുകൾ മിക്കതും ദുബായിൽനിന്ന് വാങ്ങിയതാണ്. റൂഫ് ടൈലുകൾ മലേഷ്യയിൽനിന്ന് വാങ്ങിയതാണ്.
മധ്യത്തിലെ ഹാളിൽനിന്ന് ഇരുകൈവഴികളായി പിരിയുന്ന സ്‌റ്റെയർകേസാണ് മറ്റൊരാകർഷണം. തടിയിൽ കൊത്തുപണികളോടെ നിർമിച്ചതാണ് ഇതിന്റെ കൈവരികൾ. സ്റ്റെയറിന്റെ വശങ്ങളിലായി ലിവിങ്, ഡൈനിങ് സ്‌പേസുകൾ വിന്യസിച്ചു.
ഒരു റിസോർട്ട് ഫീലിങ് ലഭിക്കുംവിധം കമനീയമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. ജിപ്സം ഫോൾസ് സീലിങ്, വാം ടോൺ ലൈറ്റുകൾ, വോൾപേപ്പർ എന്നിവ മുറികൾ അലങ്കരിക്കുന്നു.
വിശാലമായാണ് മോഡുലാർ കിച്ചൻ ഒരുക്കിയത്. ഇവിടെയും ഫോൾസ് സീലിങ്, വാം ടോൺ ലൈറ്റിങ്ങിന്റെ മായാജാലം കാണാം. സ്റ്റോറേജിനായി ധാരാളം ക്യാബിനറ്റുകൾ ഉൾപ്പെടുത്തി.
വീടിന്റെ ശരിക്കുള്ള ഭംഗി രാത്രിയിലാണ് കാണാനാവുക. രാത്രിയിൽ വീട്ടിലും മതിലിലുമുള്ള ലൈറ്റുകൾ കൺതുറക്കുന്നതോടെ രാജകീയമായ ആംബിയൻസ് ഇവിടെനിറയുന്നു.