കൊല്ലം ചടയമംഗലത്താണ് അധ്യാപകനായ ജിഷാദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പ്രകൃതിയോടിണങ്ങിയ ഒരുനില വീടാണിത്. പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ജിഐ ട്രസ് ചെയ്ത് പഴയ ഓട് പെയിന്റ്ടിച്ച് പുനരുപയോഗിച്ചിരിക്കുകയാണ് ഇവിടെ.
ഈ വീടിന്റെ നിർമിതിയിൽ ഭൂരിഭാഗവും ഉപയോഗിച്ചത് പ്ലോട്ടിൽ തന്നെയുള്ള സാമഗ്രികളാണ്. ധാരാളം പാറ ലഭ്യതയുള്ള പ്ലോട്ടാണിത്. ആ പാറകൊണ്ടാണ് അടിത്തറ കെട്ടിയത്. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങൾ ഉപയോഗിച്ചാണ് ഫർണിച്ചറുകൾ നിർമിച്ചത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലളിതസുന്ദരമായ അകത്തളങ്ങളാണ് പ്രധാന വാതിൽ തുറക്കുമ്പോൾ കാത്തിരിക്കുന്നത്. സീലിങ് ഹൈറ്റ് അൽപം കൂട്ടി ചെയ്തതിനാൽ കൂടുതൽ വിശാലതയും വെന്റിലേഷനും അനുഭവപ്പെടുന്നുണ്ട്.
തടിയിലും ഗ്ലാസിലുമാണ് സ്റ്റെയർ. ഡെഡ് സ്‌പേസ് ഒഴിവാക്കി ഒതുങ്ങിയ സ്‌റ്റെയറാണ്. സ്‌റ്റെയറിന്റെ സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം ഉള്ളിൽനിറയുന്നു. ഇവിടെ സീലിങ് ഹൈറ്റ് ഉപയോഗപ്പെടുത്തി ഒരു മെസനൈൻ ഫ്ലോറും ഒരുക്കിയിട്ടുണ്ട്.
മൂന്നു കിടപ്പുമുറികളും ലളിതസുന്ദരമായ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുണ്ട്.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് ചെലവായത്.