പ്രവാസികളായ മക്കൾ നാട്ടിലുള്ള മാതാപിതാക്കൾക്കായി നിർമിച്ചുനൽകിയ വീടാണിത്. അതിനാൽ പരിപാലനം അധികഭാരമാകാതെയാണ് വീട് രൂപകൽപന ചെയ്തത്.ട്രോപ്പിക്കൽ തീമിലാണ് വീട്. മേൽക്കൂര നിരപ്പായിവാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു.
എല്ലാവരും ശ്രദ്ധിക്കുന്നത് സിറ്റൗട്ടിലെ ക്രീപ്പർ ചെടിയാണ്. കർട്ടൻ ക്രീപ്പർ എന്നാണ് ഇതിന്റെ പേര്. സിറ്റൗട്ടിന്റെ മുകളിൽ ഓപ്പൺ ബാൽക്കണിയുണ്ട്. ഇവിടെ നിന്നാണിത് താഴേക്ക് പടർത്തിയത്. ഇവിടെ വേറെയും ചെടികളുണ്ട്. ഇരിപ്പിടങ്ങളുമുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെനിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് ഗാർഡൻ എന്നിവയുണ്ട്. മൊത്തം 3300 ചതുരശ്രയടിയാണ് വിസ്തീർണം.
സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. കൂടാതെ നാച്ചുറൽ ലൈറ്റിനും ക്രോസ് വെന്റിലേഷനും പ്രാധാന്യംനൽകി. പ്രായമായ മാതാപിതാക്കൾക്ക് ചെടികൾ വളരെ ഇഷ്ടമാണ്. അവയെ പരിപാലിക്കുന്നതിലാണ് അവർ ആനന്ദം കണ്ടെത്തുന്നത്.
കോർട്യാർഡാണ് ഉള്ളിലെ താരം. വിശാലമായ ഗ്ലാസ് റൂഫാണ് ഇവിടെ. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. പെബിൾസ് വിരിച്ച മെയിൻ കോർട്യാർഡിൽ ബാംബൂ, മറ്റ് ചെടികൾ എന്നിവയുണ്ട്.
ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്. പെരുമാറാൻ എളുപ്പത്തിലുള്ള കുഞ്ഞുകിച്ചനാണ്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
കാറ്റും വെളിച്ചവും പുറത്തെ പച്ചപ്പുമൊക്കെ ആസ്വദിക്കാൻ പാകത്തിലാണ് കിടപ്പുമുറികൾ. ചുരുക്കത്തിൽ ആഗ്രഹിച്ച വീട്ടിൽ ജീവിതം ആസ്വദിക്കുകയാണ് മാതാപിതാക്കൾ.