ആലപ്പുഴ പാതിരപ്പള്ളിയിൽ ദേശീയ പാതയോരത്തെ 11 സെന്റ് കുടുംബവസ്തുവിൽ കടയും ചെടി നഴ്സറിയും നടത്തി സന്തോഷമായി ജീവിക്കുകയായിരുന്നു ജോസി
അപ്പോഴാണ് ദേശീയപാതാവികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത്. 9 സെന്റ് ഏറ്റെടുത്തപ്പോൾ ബാക്കിയായത് രണ്ടു സെന്റ് മാത്രം. അവിടെ വർഷങ്ങൾ പഴക്കമുള്ള മാവ് സംരക്ഷിച്ച് പുതിയ വീട് പണിതു.
തൊട്ടുമുന്നിലൂടെ ഹൈവേ പോകുന്നതുകൊണ്ട് സ്വകാര്യതയുള്ള അകത്തളങ്ങൾക്ക് പ്രാധാന്യം നൽകി. ചെറിയ സ്ഥലത്ത് പരമാവധി വിശാലത ലഭിക്കാൻ ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരുകിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ഒരുകിടപ്പുമുറി, ഓഫിസ് റൂം, കിടപ്പുമുറിയായി മാറ്റാവുന്ന ലിവിങ് എന്നിവയുണ്ട്. മൊത്തം 1200 ചതുരശ്രയടിയാണ് വിസ്തീർണം.
മെറ്റൽ പൈപ്പ് ഉപയോഗിച്ചാണ് സ്‌റ്റെയർ. പല തട്ടുകളായി തിരിച്ച അകത്തളത്തെ കണക്ട് ചെയ്യുന്നത് ഈ സ്‌റ്റെയറാണ്. അതിനടിയിൽ സ്‌റ്റോറേജ് കൊടുത്ത് സ്ഥലം ഉപയുക്തമാക്കി.
ബജറ്റ് പിടിച്ചുനിർത്താൻ തടിയുടെ ഉപയോഗം നിയന്ത്രിച്ചു. യുപിവിസി ജനാലകളും അകത്ത് റെഡിമെയ്ഡ് ഡോറുകളുമാണ്. അങ്ങനെ ഇന്റീരിയർ ഉൾപ്പെടെ 35 ലക്ഷത്തിന് വീട് പൂർത്തിയായി.
ഗൃഹാതുര ഓർമകൾ നിറഞ്ഞ മുത്തശിമാവ് നിലനിർത്തി വീട് പണിയാനായതിൽ വീട്ടുകാർ ഡബിൾഹാപ്പി.