തൃശൂർ വടക്കാഞ്ചേരിയിലാണ് പരമ്പരാഗത ഭംഗിയുള്ള ഈ ഒരുനില വീട് സ്ഥിതിചെയ്യുന്നത്. മേൽക്കൂര കോൺക്രീറ്റ് ഒഴിവാക്കി. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. താഴെ ഭംഗിക്കായി സീലിങ് ഓടും വിരിച്ചു
പടിപ്പുരയും തുളസിത്തറയും പുൽത്തകിടിയുള്ള മുറ്റവും നീളൻ പൂമുഖവും വീടിന്റെ ബാഹ്യഭംഗിക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്.
കേരളീയ ശൈലിയിൽ തൂണുകളുള്ള നീളൻ പൂമുഖമാണ് സ്വാഗതം ചെയ്യുന്നത്. ഇവിടെ ചുവരുകൾ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചലങ്കരിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
മഴയും വെയിലും കാറ്റുമെല്ലാം ഉള്ളിലെത്തുന്ന നടുമുറ്റമാണ് വീടിന്റെ ആത്മാവ്. പൂമുഖത്തെ കോർട്യാർഡും അകത്തെ കോർട്യാർഡും തമ്മിൽ ഗ്ലാസ് ഭിത്തി കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്.
വീടിനുള്ളിലെ ചൂടുവായു പുറംതള്ളുന്നതിലും കോർട്യാർഡ് പ്രധാനപങ്കുവഹിക്കുന്നു. വാട്ടർ ബോഡിയായും ഇത് പരിവർത്തനം ചെയ്യാം. സമീപം ഒരു ആട്ടുകട്ടിലുമുണ്ട്.
തുറന്ന നയത്തിൽ പരസ്പരം വിനിമയം ചെയ്യുംവിധം അകത്തളം പ്ലാൻ ചെയ്തതിനാൽ വിശാലത അനുഭവപ്പെടുന്നു. ഫർണിച്ചർ കുറച്ച് കസ്റ്റമൈസ് ചെയ്തു ചിലത് വാങ്ങി.
വെട്ടുകല്ലിന്റെ ക്ലാഡിങ് പാകിയ ജാളി ഭിത്തികൾ വീടിന്റെ പരമ്പരാഗത തനിമയോട് ഇഴുകിച്ചേരുന്നു.
ചുരുക്കത്തിൽ വിശ്രമജീവിതം നയിക്കാൻ നാട്ടിലെത്തുമ്പോൾ പരിപാലിക്കാൻ എളുപ്പമുള്ള സമാധാനം നിറയുന്ന അന്തരീക്ഷമുള്ള കൊച്ചുവീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.