പേരുപോലെ 'ഹൃദ്യം' ഈ വീട്!

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 1v9kird840rsfuig4r5i1h23u0

തൃശൂര്‍ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നുള്ള സുപ്രഭാതം കേട്ടുകൊണ്ടാണ്‌ ഓരോ ദിനവും ‘ഹൃദ്യം’ വീട്‌ ഉണരുന്നത്‌. ജയചന്ദ്രന്റെയും ഉഷയുടെയും 'ഹൃദ്യം' വീടിന്റെ വിശേഷങ്ങള്‍ പറയാന്‍ ഏറെയുണ്ട്‌

പ്രധാന റോഡില്‍ നിന്നും അഞ്ചടിയോളം ഉയരത്തില്‍ തലയെടുപ്പോടെ നില്കുന്നതിനാല്‍ ഭൂപ്രകൃതി തന്നെ ദൃശ്യഭംഗി ഒരുക്കുന്നു. പ്ലോട്ട്‌ ഉയരത്തില്‍ ആയതിനാല്‍ തട്ടുകളായി തിരിച്ചിട്ടാണ്‌ ലാന്‍ഡ്‌സ്‌കേപ്പ്‌ ചെയ്തിരിക്കുന്നത്‌. ആദ്യം കണ്ണെത്തുന്നതും ലാന്‍ഡ്സ്കേപ്പിന്റെ ആകാരഭംഗിയിലേക്കാണ്.

കന്റെംപ്രറി+ ട്രോപ്പിക്കൽ ഫ്യൂഷൻ തീമിലാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിയത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയുമുണ്ട്. 4000 ചതുരശ്രയടിയാണ് വിസ്തീർണം.

ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത, ഓപൺ നയത്തിൽ ഒരുക്കിയ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങളാണ്. കോമണ്‍ ഏരിയയിലേക്ക് പരമാവധി നാച്ചുറല്‍ ലൈറ്റ്‌ കിട്ടത്തക്കവിധം ജാലകങ്ങൾ ക്രമീകരിച്ചു. വീടിന്റെ മൂന്നുഭാഗത്തുനിന്നും നാച്ചുറല്‍ ലൈറ്റ്‌ ഉള്ളിൽ ലഭിക്കും.

ഇറക്കുമതി ചെയ്ത വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. ഗോവണി, കൈവരി എന്നിവ മഹാഗണിയിലും നിർമിച്ചു.

കൃത്രിമ അലങ്കാരങ്ങൾ ഒഴിവാക്കി, പകരം ഹരിതാഭ നിറച്ചുകൊണ്ടാണ്‌ ഉള്ളിലെ രണ്ടു പാറ്റിയോകളും ഒരുക്കിയത്. കലാകാരി കൂടിയായ വീട്ടുകാരിയുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം.

പുതിയകാലത്തിനു യോജിച്ച ഓപ്പൺ കിച്ചനാണ് ഇവിടെ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കയ്യെത്തുംദൂരത്ത് പരമാവധി സ്റ്റോറേജ് ഒരുക്കി. അനുബന്ധമായി വർക്കേരിയയുമുണ്ട്.

നാലു കിടപ്പുമുറികളും ലളിതസുന്ദരമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സജ്ജീകരിച്ചു. മുകളിലെ കിടപ്പുമുറിക്ക് അനുബന്ധമായി ബാൽക്കണിയുമുണ്ട്.

ചുരുക്കത്തിൽ പുതിയകാലത്തിന്റെ സൗകര്യങ്ങൾക്കൊപ്പം പ്രകൃതിയുടെ തനതുഭാവങ്ങളെക്കൂടി ഉൾക്കൊള്ളിച്ചതാണ് 'ഹൃദ്യം' എന്ന വീടിനെ ഹൃദ്യമായ അനുഭവമാക്കുന്നത്.