അതിമനോഹരം! ഇരുനിലയുടെ തലയെടുപ്പുള്ള ഒരുനിലവീട്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 1madduvl5outsuh6v2thbd0acg

ഒരേക്കറോളം വരുന്ന സ്ഥലത്ത്, പ്രകൃതിയോടിണങ്ങിയ, പുതിയകാല സൗകര്യങ്ങളുള്ള ഒരുനില വീട്...ഇതായിരുന്നു കറ്റാനത്ത് വീടുപണിയുമ്പോൾ പ്രവാസിയായ മാത്യുവിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഡിസൈനർ ജെയ്‌സനാണ് (purple builders) വീട്ടുകാരുടെ ആഗ്രഹപ്രകാരം സ്വപ്നഭവനം സാധ്യമാക്കിയത്.

കാഴ്ചയിൽ രണ്ടുനിലയുടെ ഭംഗി ലഭിക്കുന്നതിനും വീടിനുള്ളിലെ ചൂടുകുറയ്ക്കുന്നതിനും ഗ്രൗണ്ട് ഫ്ലോർ നിരപ്പായി വാർത്തശേഷം 1.2 മീറ്റർ ഉയരത്തിൽ ബ്രിക്ക് വർക്ക് ചെയ്ത് അതിനു മുകളിലാണ് ട്രസ് വർക്ക് ചെയ്തു സിറാമിക് ഓടുവിരിച്ചത്. ഇത്തരത്തിൽ ചെയ്തതിനാൽ ചൂട് വളരെ കുറയുകയും മഴക്കാലത്ത് ഇത് വീടിനു ഒരു സംരക്ഷണ കവചമായി മാറുകയും ചെയ്യും.

ഇരുവശങ്ങളും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് ചെയ്ത് മനോഹരമാക്കിയിരിക്കുന്ന മതിലും ഗേറ്റും കടന്നാൽ നാച്ചുറൽ സ്റ്റോൺ പാകിയ നടവഴിയും പേൾ ഗ്രാസ് വിരിച്ച ലാൻഡ്‌സ്‌കേപ്പുമുണ്ട്. മുൻവശത്തുതന്നെ കാർ പോർച്ചും അതിനോടുചേർന്ന് L ഷേപ്പിൽ ഉള്ള സിറ്റ് ഔട്ടും കടന്നു ലിവിങ്ങിൽ എത്താം .ഇവിടെ കിഴക്ക് ദർശനമായി ഒരുപ്രയർ ഏരിയയും ഒരുക്കിയിട്ടുണ്ട്.

വലിയ ജനലുകളും ശരിയായ രീതിയിലുള്ള ക്രോസ് വെന്റിലേഷനും എല്ലാറൂമുകളിലും ചെയ്തിട്ടുണ്ട്. ലിവിങ് റൂമിനോട് ചേർന്ന് ഡബിൾ ഹൈറ്റിലുള്ള ലൈറ്റ് കോർട്യാർഡ്, നാച്ചുറൽ ലൈറ്റ് കിട്ടുന്നതിനൊപ്പം ചൂട് വായുവിനെ പുറംതള്ളി ഉള്ളിൽ തണുത്ത അന്തരീക്ഷം നിലനിർത്തുവാനും സഹായിക്കുന്നു. ഇവിടെ നാച്ചുറൽ പ്ലാന്റ് നൽകി മനോഹരമാക്കി. ഹൈലൈറ്റർ വാളിൽ ഉപയോഗിച്ചിരിക്കുന്നത് സിമന്റ്‌ ഫിനിഷ് ടെക്സ്ചർ പെയിന്റാണ്.

ജിപ്സം, മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിൽ ഫോൾസ് സീലിങ്ങിൽ സ്ട്രിപ്പ് ലൈറ്റ് ഉപയോഗിച്ച് മൂഡ് ലൈറ്റിങ് ചെയ്ത് അകത്തളം കമനീയമാക്കി. സിറ്റ് ഔട്ടിൽ ഗ്രാനൈറ്റും ഉള്ളിൽ ഡിജിറ്റൽ പ്രിന്റഡ് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചിരിക്കുന്നു.

ഫാമിലി ലിവിങും ഡൈനിങ്ങ് റൂമും ഒരുമിച്ചാണ് ചെയ്തിരിക്കുന്നത്. ഇവിടെയും ഒരു ലൈറ്റ് കോർട്ട് സജ്ജീകരിച്ചിട്ടുണ്ട്. ഡൈനിങ്ങിൽനിന്ന് ഫ്രഞ്ച് വിൻഡോവഴി പാറ്റിയോയിലേക്കു കടക്കാം. ഇവിടെയാണ് ഓപ്പൺ കോർട്യാർഡ്.

ഡൈനിങ്ങിൽനിന്ന് മുകളിലെ ആറ്റിക് സ്പേസിലേക്കു കയറാൻ വീടിന്റെ ഉള്ളിൽ നിന്നുതന്നെ ഡോർ വച്ച് ക്ലോസ് ചെയ്ത ഒരു സ്‌റ്റെയർകേസ് കൊടുത്തിരിക്കുന്നു. നിലവിൽ യൂട്ടിലിറ്റി ഏരിയ ആയി ഇവിടം ഉപയോഗിക്കുന്നു. ചെറിയ പാർട്ടികൾ നടത്താനും ഭാവിയിൽ വേണമെങ്കിൽ മുകളിലേക്ക് മുറികൾ നിർമിച്ച് വിപുലമാക്കാനുമൊക്കെ ഇതുവഴി സാധിക്കും.

ആറ്റിക് സ്പേസിൽനിന്ന് ഓപ്പൺ ചെയ്യാവുന്ന വിൻഡോ വഴി മുൻവശത്തെ ഓപ്പൺ ടെറസിലേക്കിറങ്ങാം. ഇവിടെ നിന്നാൽ താഴെ ലാൻഡ്‌സ്‌കേപ്പിന്റെ മനോഹര കാഴ്ച കാണാം.

നാലു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയത്. ഇവയ്‌ക്കെല്ലാം ഡ്രസ്സ് ഏരിയയും അറ്റാച്ഡ് ബാത്‌റൂമുമുണ്ട്. കട്ടിൽ, സൈഡ് ടേബിൾ തുടങ്ങിയവയെല്ലാം മറൈൻ ഗ്രേഡ് പ്ലൈവുഡിൽ ലാമിനേറ്റ് ഫിനിഷിൽ ചെയ്തിരിക്കുന്നു.

എല്ലാം കയ്യൊതുക്കത്തിലുള്ള മോഡേൺ കിച്ചൻ ഒരുക്കി. ഐവറി നിറത്തിലുള്ള കൗണ്ടർടോപ്പും ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെയുണ്ട്.

പ്രവാസിമലയാളികളുടെ വലിയ സ്വപ്നമാണ് നാട്ടിൽ ഒരുവീട്. ആ സ്വപ്നം അതിന്റെ പൂർണതയിൽ സഫലമായതിന്റെ സന്തോഷത്തിലാണ് മാത്യുവും കുടുംബവും.