മഴയും പച്ചപ്പും കോടമഞ്ഞുമെല്ലാം കാൻവാസ് തീർക്കുന്ന തൃശൂർ പട്ടിക്കാടാണ് ഡോക്ടർ ദമ്പതികളായ ജിബിയുടെയും സുബിയുടെയും വീട്. സിനിമയിൽ കണ്ടിട്ടുള്ള തറവാടുകളുടെ ഹരിതഭംഗിയും അന്തരീക്ഷവും ഈ പുതിയകാലത്തും ഈ വീട്ടിൽ മങ്ങാതെ പുനഃസൃഷ്ടിച്ചിരിക്കുന്നു.
ചുറ്റുപാടിനോട് ഇഴുകിച്ചേർന്ന, തിരക്കുകളിൽനിന്ന് എത്തുമ്പോൾ മനസ്സിന് സ്വാസ്ഥ്യവും സമാധാനവും ലഭിക്കുന്ന വീടായിരുന്നു ഇവർക്ക് ആവശ്യം. ഇപ്രകാരം ആർക്കിടെക്ട് വിനോദ് കുമാർ വീടൊരുക്കി.
പല തട്ടുകളായുള്ള പ്ലോട്ടിന്റെ സ്വാഭാവിക നിലനിർത്തി പണിതതുകൊണ്ട് വീടിനുള്ളിലെ ഇടങ്ങൾ തമ്മിലും നിരപ്പുവ്യത്യാസമുണ്ട്. സീലിങ് ഹൈറ്റ് ഉപയോഗപ്പെടുത്തി മെസനൈൻ ഫ്ലോർ ഒരുക്കിയാണ് ഇരുനിലയുടെ സൗകര്യങ്ങൾ ഇവിടെ സാധ്യമാക്കിയത്. പ്രകൃതിസൗഹൃദമായ സാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. ടെറാക്കോട്ട ഹോളോ ബ്രിക്കുകൾ കൊണ്ടാണ് ചുവരുകൾ നിർമിച്ചത്. ഒപ്പം കരിങ്കല്ലും മൺജാളികളുമുണ്ട്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെനിലയിൽ. അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി എന്നിവ മുകളിലുമൊരുക്കി. മൊത്തം 3300 ചതുരശ്രയടിയാണ് വിസ്തീർണം.
ചെറുവാട്ടർബോഡിയുള്ള ഇടമാണ് ഇവിടെ സിറ്റൗട്ട്. പഴയ തറവാടുകളെ അനുസ്മരിപ്പിക്കുന്ന നീളൻ ഇൻബിൽറ്റ് സീറ്റിങ് ഇവിടെയുണ്ട്. വീട്ടിലെ പൊതുവിടങ്ങൾ ഓപ്പൺ നയത്തിൽ ഒരുക്കിയതിനാൽ ഉള്ളിലേക്ക് കയറുമ്പോൾ വിശാലതയുടെ അനുഭവം ലഭ്യമാകുന്നു. കസ്റ്റമൈസ്ഡ് ലെതർ സോഫയാണ് ലിവിങ്ങിൽ ഒരുക്കിയത്. വശത്തുള്ള ഗ്രിൽ ജാലകത്തിലൂടെ കാറ്റും കാഴ്ചകളും ഉള്ളിൽ വിരുന്നെത്തും.
ഫർണിഷിങ്ങിലും പരമാവധി നാച്ചുറൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. ട്രീറ്റ് ചെയ്ത പനത്തടി, സോളിഡ് വുഡ്, റസ്റ്റിക് സിമന്റ് ഫിനിഷ് എന്നിവയെല്ലാം ഫ്ലോറിങ്ങിൽ വിവിധ ഇടങ്ങളെ അടയാളപ്പെടുത്തുന്നു. വാട്ടർ ബോഡി, ഡ്രൈ കോർട്യാർഡ് എന്നിവ ഇവിടെയുണ്ട്. ഇതിലൂടെ ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ചെറുപാലങ്ങളുമുണ്ട്.
പുതിയകാല സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ കിച്ചനിലും ചില പുതുമകൾ പരീക്ഷിച്ചു. പ്ലൈവുഡ് ക്യാബിനറ്റുകൾ വെറുതെ പോളിഷ് മാത്രമടിച്ച് സ്ഥാപിച്ചത് ഉദാഹരണം. എന്നാൽ ഫിനിഷിങ്ങിൽ ഒരുകുറവുമില്ലതാനും.
കരിങ്കല്ല്, ടെറാക്കോട്ട ബ്ലോക്കുകളുടെ സങ്കലനത്തിലൂടെ ലഭിക്കുന്ന പരുക്കൻ ഫീലാണ് കിടപ്പുമുറിയുടെ തീം. നാച്ചുറൽ സാമഗ്രികളുടെ ഉപയോഗം വീടിനുള്ളിലെ ചൂട് ഗണ്യമായി കുറച്ചിട്ടുണ്ട്. നട്ടുച്ചയ്ക്കും മുറികളിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു.
ഈ വീടും ചുറ്റുമുള്ള സ്വച്ഛസുന്ദരമായ അന്തരീക്ഷവും ഇവിടെയെത്തുന്നവരിലും പോസിറ്റീവ് എനർജി നിറയ്ക്കുന്നു.