മിക്ക മലയാളികളുടെയും മനസ്സിൽ ഇങ്ങനെയൊരു വീടുണ്ടാകും!

content-mm-mo-web-stories-homestyle-2023 6p9aqcq416egcmlcq8i9rp8c6c content-mm-mo-web-stories content-mm-mo-web-stories-homestyle 3kka8bi4jhbods4iuvlq34egfc traditional-kerala-house-with-charming-interiors-palakkad

മുംബൈ മലയാളിയായ വേണുവും കുടുംബവും നാടിന്റെ ഗൃഹാതുര ഓർമകളിലേക്ക് മടങ്ങിയെത്താൻ കൊതിച്ചൊരുക്കിയ വീടാണിത്. ഒറ്റവാക്കിൽ 'പഴമ തോന്നിക്കുന്ന പുതിയ വീട്' എന്ന് വിശേഷിപ്പിക്കാം. കാലങ്ങളായി ഈ ചുറ്റുപാടിനോട് ഇഴുകിച്ചേർന്ന് ഇവിടെ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുംവിധമാണ് രൂപകൽപന.

പിന്നിൽ വയലും കുളവും വശത്തായി പഴയ തറവാടുമുള്ള സ്ഥലത്താണ് വീടൊരുക്കിയത്. വയലിൽനിന്നുള്ള കാറ്റും കാഴ്ചകളും വീടിനുള്ളിൽ പരിലസിക്കുംവിധമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്.

പരമ്പരാഗത ശൈലിയിലാണ് പുറംകാഴ്ച. മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. അടിയിൽ സീലിങ് ഓടുമുണ്ട്. ഇടയിലുള്ള ക്യാവിറ്റി സ്‌പേസ് ചൂടിനെ തടഞ്ഞു ഉള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിർത്തുന്നു. വീടിന്റെ തനതുശൈലിയോട് ഇഴുകിചേരുംവിധം പടിപ്പുര ഒരുക്കിയിട്ടുണ്ട്.

പ്രകൃതിദത്ത സാമഗ്രികളാണ് നിർമാണത്തിന് തിരഞ്ഞെടുത്തത്. പഴയ തടി, ഓട്, ഇഷ്ടിക, നാച്ചുറൽ സ്‌റ്റോൺ എന്നിങ്ങനെ ആ പട്ടിക നീളുന്നു.പോർച്ച്, പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്.

വരാന്തകളാണ് വീട്ടിലെ മനോഹരമായ ഇടങ്ങളിലൊന്ന്. L ആകൃതിയിൽ ധാരാളം ജാലകങ്ങളുള്ള വരാന്തകൾ ലിവിങ്- ഡൈനിങ് ഇടങ്ങളെ ബന്ധിപ്പിക്കുന്നു.

തടിയുടെ പ്രൗഢി നിറയുന്ന ഫർണിച്ചറും ജയ്സാൽമീർ സ്‌റ്റോൺ കൊണ്ടുള്ള ഫ്ലോറിങ്ങുമാണ് ഡൈനിങ്ങിലെ ആകർഷണം. ഇവിടെ വാഷ് ബേസിൻ വരെ തടികൊണ്ടാണ് ഒരുക്കിയത്.

വീട്ടുകാരുടെ പ്രിയയിടമാണ് മുകളിലെ ബാൽക്കണി. ഇവിടെയിരുന്നാൽ ചുറ്റുമുള്ള പച്ചപ്പിന്റെ കാഴ്ചകൾ ഇളംകാറ്റിന്റെ തഴുകലിനൊപ്പം ആസ്വദിക്കാം.

കിടപ്പുമുറികളിൽ 'ട്രഡീഷനൽ ടച്ച്' കൊണ്ടുവന്നതിനൊപ്പം പുതിയകാല സൗകര്യങ്ങളും ഉൾപ്പെടുത്തി. വയലിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് വിന്യാസം.

പുതിയകാല സൗകര്യങ്ങളുള്ള വിശാലമായ അടുക്കളയും അനുബന്ധമായി വർക്കേരിയയുമുണ്ട്. ഇവിടെയും തടിയുടെ പ്രൗഢിയാണ് അടയാളപ്പെടുത്തുന്നത്. ക്യാബിനറ്റുകൾക്ക് വുഡൻ ഫിനിഷ് നൽകി.

ചുരുക്കത്തിൽ പ്രവാസി മലയാളിയുടെ നാടിനോടുള്ള ഗൃഹാതുരതയെ, സ്വച്ഛസുന്ദരമായ വിശ്രമകാലത്തിനുള്ള ആഗ്രഹത്തെ ഭംഗിയായി ഈ ഭവനത്തിലൂടെ പ്രാവർത്തികമാക്കിയിട്ടുണ്ട്.