കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് തോമസ് ജസ്റ്റിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ പ്ലാന്ററാണ്. നാലേക്കർ വരുന്ന ഏലത്തോട്ടത്തിനു നടുവിലാണ് ഈ സ്വപ്നഗൃഹം സ്ഥിതിചെയ്യുന്നത്. പഴയ വീട് പൊളിച്ചശേഷം അടിമുടി സമകാലിക ശൈലിയിൽ ചിട്ടപ്പെടുത്തിയ പുതിയവീട്ടിൽ വിസ്മയിപ്പിക്കുന്നത് ഉള്ളിൽ ഒളിപ്പിച്ച സർപ്രൈസുകളാണ്. സ്ഥിരം ബോക്സ് പാറ്റേണിൽനിന്ന് എലിവേഷൻ മാറിനിൽക്കുന്നുണ്ട്. പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് ഭംഗിനിറയ്ക്കുന്നത്. ഗേബിൾ റൂഫ്, ക്ലാഡിങ്, വലിയ വിൻഡോസ് എന്നിവ എലിവേഷനിൽ ഹാജർവയ്ക്കുന്നുണ്ട്.
പുറംകാഴ്ചയിൽ ഉയരംകൂട്ടി നിർമിച്ച ഒരുനില വീട് എന്നുതോന്നുമെങ്കിൽ സംഭവം അതല്ല- ബേസ്മെന്റ് നിലയും മുകൾനിലയും അടക്കം മൂന്നുനില വീടാണിത്. റൂഫ്‌ടോപ് ഏരിയ കൂടി കണക്കിലെടുത്താൽ നാലു ലെവലുകളുണ്ട്. 'ഇത്രയും നിലകൾ/ഇടങ്ങൾ ചുരുങ്ങിയ ചതുരശ്രയടിക്കുള്ളിൽ എങ്ങനെ ഉള്ളിൽ ഒളിപ്പിച്ചു' എന്നതാണ് വീടിന്റെ ഡിസൈൻ മികവിന്റെ മാജിക്. ലെവൽ വ്യത്യാസമുള്ള പ്ലോട്ടിന്റെ വെല്ലുവിളികളെ സാധ്യതയാക്കി മാറ്റിയതിലൂടെയാണ് വീട്ടിൽ നാലുനിലകൾ ഒരുക്കാനായത്. ഓരോയിടത്തുനിന്നും വ്യത്യസ്ത രൂപഭംഗി ആസ്വദിക്കാം എന്നതാണ് എലിവേഷന്റെ മറ്റൊരുഗുണം.
വിശാലമായ പ്ലോട്ടിൽ സ്ഥിതി ചെയ്യുന്നതിനാൽ ലാൻഡ്സ്കേപ്പിന് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. പ്രധാന ഗെയ്റ്റ് കൂടാതെ റോഡിൽനിന്ന് മറ്റൊരു എൻട്രൻസുമുണ്ട്. അതിനാൽ രണ്ടു ഗെയ്റ്റ്, രണ്ടു കാർപോർച്ച്, രണ്ടു സിറ്റൗട്ട് എന്നിവ വീട്ടിൽ ഒരുക്കി എന്നതും കൗതുകകരമാണ്. ബാംഗ്ലൂർ സ്റ്റോൺ, ഗ്രാസ്, ചെടികൾ, മരങ്ങൾ എന്നിവ ലാൻഡ്സ്കേപ്പിനു മാറ്റുകൂട്ടുന്നു.
കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറി എന്നിവ ഗ്രൗണ്ട് ഫ്ലോറിലുണ്ട്. അപ്പർ ലിവിങ്, രണ്ടുകിടപ്പുമുറി, ബാൽക്കണി എന്നിവ ഫാസ്റ്റ് ഫ്ലോറിലുണ്ട്. സെക്കൻഡ് ഫ്ലോറിൽ റൂഫ്‌ടോപ് ഏരിയ ക്രമീകരിച്ചു. തോട്ടത്തിൽനിന്നുള്ള ഏലയ്ക്ക ഉണക്കാനുള്ള ഇടമായിട്ടാണ് ബേസ്മെന്റ് നില ക്രമീകരിച്ചത്. മൊത്തം 2520 ചതുരശ്രയടിയാണ് വിസ്തീർണം. പുറംകാഴ്ചയുമായി താരതമ്യം ചെയ്താൽ മിതത്വമാർന്ന അകത്തളങ്ങളാണ് ഒരുക്കിയത്.
പ്രധാനവാതിൽ തുറന്ന പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. C ഷേപ്ഡ് കുഷ്യൻ ഇരിപ്പിടമാണിവിടെ. ലിവിങ്- ഡൈനിങ് ഇടങ്ങളെ വേർതിരിക്കുന്നത് ടിവി യൂണിറ്റുള്ള ഷെൽഫാണ്. ഡൈനിങ്ങിൽനിന്ന് ഗ്ലാസ് ഡോർ വഴി പുറത്തേക്കിറങ്ങാം.
മിനിമൽ തീമിലാണ് കിടപ്പുമുറികൾ. വ്യത്യസ്ത കളർ കർട്ടൻ നൽകിയാണ് തീം വ്യത്യാസം കൊണ്ടുവന്നത്.
വുഡൻ തീമിലാണ് കിച്ചൻ. തേക്ക് ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കിയതും ശ്രദ്ധേയമാണ്. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി ബ്രേക്ക്ഫാസ്റ്റ് ടേബിളും സജ്ജീകരിച്ചു.
പുറംകാഴ്ചയിൽ ആഢ്യത്വവും എന്നാൽ അകത്തേക്ക് കയറുമ്പോൾ ലളിതസുന്ദരമായ കാഴ്ചകളും. വീട്ടുകാരുടെ ആവശ്യം പൂർണമായി ഉൾക്കൊണ്ടു രൂപകൽപന ചെയ്തതാണ് ഈ സ്വപ്നഭവനത്തെ വ്യത്യസ്തമാക്കുന്നത്.