വാക്കുകൾക്കതീതം; ഗംഭീര കാഴ്ചകൾ നിറയുന്ന വീട്!

content-mm-mo-web-stories content-mm-mo-web-stories-homestyle 5c8j60mq75rupj4c7ebdifavvr 53uhvk14rmfgeqrd04rdtlv9l0 tropical-modern-house-thodupuzha-class-interiors-hometour content-mm-mo-web-stories-homestyle-2024

വിശാലമായ സ്ഥലത്ത് നെഞ്ചുവിരിച്ചുനിൽക്കുന്ന വീട്. തൊടുപുഴയാണ് അരവിന്ദാക്ഷന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് നിരപ്പിൽനിന്ന് ഉയർന്ന സ്ഥലം നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്. റോഡ് നിരപ്പിൽനിന്ന് 5 മീറ്ററോളം ഉയർന്നാണ് വീടിരിക്കുന്നത്. പ്ലോട്ടിന്റെ രണ്ടുവശത്തും റോഡുകളുണ്ട്. വാസ്തുപ്രകാരം കിഴക്ക് ദർശനം ലഭിക്കുംവിധം വീടിനെ കിഴക്ക് ഭാഗത്തുള്ള റോഡിലേക്ക് തിരിച്ചുവച്ചാണ് രൂപകൽപന

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഇണങ്ങുംവിധം പലതട്ടുകളായി സ്ലോപ് റൂഫ് മേൽക്കൂര നൽകി. പ്ലോട്ടിനനുസൃതമായി ഡിസൈൻ ചെയ്തതിനാൽ വ്യത്യസ്‌ത കോണുകളിൽനിന്ന് വീടിന് വ്യത്യസ്ത രൂപഭംഗി ലഭിക്കുന്നു.

പ്രധാന ഗെയ്റ്റുകൂടാതെ വിക്കറ്റ് ഗെയ്റ്റുമുണ്ട്. പ്രവേശിക്കുന്നത് വിശാലമായ ലാൻഡ്സ്കേപ്പിലേക്കാണ്. ഗെയ്റ്റിൽനിന്ന് നാച്ചുറൽ സ്‌റ്റോൺ വിരിച്ച് ഡ്രൈവ് വേ വേർതിരിച്ചു. ഫലവൃക്ഷത്തൈകളും പൂച്ചെടികളും പുൽത്തകിടിയും ലാൻഡ്സ്കേപ്പിൽ ഹരിതാഭ നിറയ്ക്കുന്നു.

ഗാരിജ്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ലൈബ്രറി, പ്ലേ ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്.

കാർപോർച്ചിനു പകരം മുൻവശത്തായി ഗാരിജ് ഒരുക്കിയത് ശ്രദ്ധേയമാണ്. അവിടെനിന്ന് വിശാലമായ സിറ്റൗട്ടിലേക്ക് കടക്കാം.

രണ്ടുനില വീടിന്റെ മേൽക്കൂര വിശാലമായി ട്രസ് ചെയ്ത് ഓടുവിരിച്ചു. താഴെയുള്ള സ്‌പേസുകളിൽ ജിപ്സം സീലിങ്ങും ഡിസൈൻ വർക്കുകളും എൽഇഡി ലൈറ്റുകളും ഭംഗി നിറയ്ക്കുന്നു.

സെമി ഓപൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. അതിനാൽ ഇടങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്ന വിശാലമായ ഇടങ്ങളിലേക്കാണ് വാതിൽ തുറന്ന് പ്രവേശിക്കുന്നത്. ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ് അടക്കമുള്ള ഇടങ്ങൾ. ട്രഡീഷനൽ വീടുകളിലെ തടിമച്ചിനെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട് ഇവിടെ.

നാച്ചുറൽ ലൈറ്റും കാറ്റും വീടിനുള്ളിൽ സമൃദ്ധമായി നിറയുംവിധം ജാലകങ്ങൾ വിന്യസിച്ചു. ദിവസത്തിന്റെ ഓരോ സമയത്തും ഓരോ ആംബിയൻസ് വീടിനുള്ളിൽ നിറയുന്നു.

കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെ അകത്തളങ്ങൾ ഒരുക്കി. വൈറ്റ് ടൈൽ ഫ്ളോറിങ് അകത്തളങ്ങളിൽ പ്രസരിപ്പ് നിറയ്ക്കുന്നു. ഇടങ്ങളെ വേർതിരിക്കാൻ ടൈലിങ്ങിൽ വ്യതിയാനം കൊണ്ടുവന്നു. ഉദാഹരണത്തിന് ഫാമിലി ലിവിങ്ങിൽ വുഡൻ ഫിനിഷ് ടൈൽസ് ഉപയോഗിച്ചു.

കോർട്യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഇതിനുചുറ്റുമായാണ് ഇടങ്ങൾ വിന്യസിച്ചത്. കോർട്യാർഡിന്റെ സീലിങ്ങിൽ ഗ്രില്ലും ഗ്ലാസും വച്ച് സുരക്ഷയേകി. മുകളിലെ ട്രസ് സീലിങ്ങിൽനിന്ന് വെളിച്ചം ഇതുവഴി താഴത്തെനിലയിലെത്തും. കോർട്യാർഡിൽ പൂജ സ്‌പേസും ക്രമീകരിച്ചു.

ഇടങ്ങളെ വേർതിരിക്കാൻ നൽകിയ ഫ്ലൂട്ടഡ് ഗ്ലാസ് കൊണ്ടുള്ള പാർടീഷനാണ് മറ്റൊരാകർഷണം. അർധസുതാര്യമായ ഈ ഗ്ലാസ് കാഴ്ച പകുതി മറയ്ക്കുകയും എന്നാൽ വെളിച്ചം കടത്തിവിടുകയും ചെയ്യും.

ഒക്ടഗനൽ ഷേപ്പിലുള്ള ഡൈനിങ് ടേബിൾ സെറ്റ് ക്യൂട് & കോംപാക്ട് ഫർണിച്ചറിന്റെ ഉദാഹരണമാണ്. എട്ടുപേർക്ക് സുഖമായി ഇരുന്നുകഴിക്കാം. ഡൈനിങ് സ്‌പേസും വുഡൻ സീലിങ് കൊണ്ട് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഡൈനിങ്ങിലേക്ക് തുറന്ന ഓപൺ പാൻട്രി കിച്ചൻ ക്രമീകരിച്ചു. എൻട്രി സ്‌പേസിലെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിലും ഇരുന്നു ഭക്ഷണം കഴിക്കാൻ ചെയറുകളുണ്ട്. വിശാലമായി വർക്കിങ് കിച്ചണിൽ സ്റ്റോറേജിനായി ധാരാളം ക്യാബിനറ്റ്, പുൽ ഔട്ട് യൂണിറ്റുകൾ ഒരുക്കി.

ഒരേസമയം ലളിതവും പ്രൗഢവും വിശാലവുമാണ് കിടപ്പുമുറികൾ. വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, ബാത്റൂം എന്നിവ അനുബന്ധമായുണ്ട്. ഫോൾസ് സീലിങ്, ഹെഡ്‌സൈഡ് കളർ എന്നിവയുടെ വ്യതിയാനങ്ങളിലൂടെ വേറിട്ട തീം നിറച്ചു.

ഹരിതാഭമായ ചുറ്റുപാടുകളിലേക്ക് തുറക്കുന്ന ബാൽക്കണി വീട്ടുകാരുടെ പ്രിയയിടമാണ്. ചുരുക്കത്തിൽ ഒരു റിസോർട്ട് ആംബിയൻസ് നിറയുന്ന വീട്ടിൽ ഓരോദിവസവും ആഘോഷമാക്കുകയാണ് വീട്ടുകാർ.