ഐടി ഹബ്ബായ തിരുവനന്തപുരം കഴക്കൂട്ടത്താണ് വൈശാഖിന്റെയും അശ്വതിയുടെയും പുതിയവീട്. പിന്നിലേക്ക് പോകുംതോറും വീതികുറഞ്ഞുവരുന്ന L ആകൃതിയുള്ള ചെറിയ പ്ലോട്ടിൽ വീടുപണിയുക വെല്ലുവിളിയായിരുന്നു
വീതി കുറഞ്ഞ സ്ഥലത്ത് പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ബോക്സ് ആകൃതിയിൽ എലിവേഷനൊരുക്കി. റസ്റ്റിക് സിമന്റ് ഫിനിഷ് ലുക്കിലാണ് പുറംകാഴ്ച. ഇത് ടെക്സ്ചർ പെയിന്റ് ചെയ്തതാണ്. ഇതിൽ ടെറാക്കോട്ട ജാളി ജാലകം വേർതിരിവേകുന്നു. അകത്തേക്ക് കാറ്റും വെളിച്ചവുമെത്തിക്കുന്നതിലും ഇത് പങ്കുവഹിക്കുന്നു. പ്രാണിശല്യം ഒഴിവാക്കാൻ ഇതിനുപിറകിൽ ജാലകവുമുണ്ട്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുള്ള രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരുകിടപ്പുമുറി, ബാത്റൂം, ഓപ്പൺ ടെറസ് എന്നിവയാണുള്ളത്. മൊത്തം 1750 ചതുരശ്രയടിയുണ്ട്.
പ്ലോട്ടിന്റെ ആകൃതിക്കൊത്ത് വീട്ടുകാരുടെ ആഗ്രഹങ്ങളും പരുവപ്പെടുത്തിയെടുത്താണ് വീട് സഫലമാക്കിയത്. പബ്ലിക്- പ്രൈവറ്റ് സോണുകളായി ഇടങ്ങൾ വിന്യസിച്ചു. ഇവയെ ഇടനാഴികൾകൊണ്ട് കണക്ട് ചെയ്താണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. കിഴക്ക് ദർശനമായ പ്ലോട്ടിൽ അടിസ്ഥാന വാസ്തു കൂടി പരിഗണിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. അതിനാൽ കാറ്റും വെളിച്ചവും അകത്തളങ്ങൾ സജീവമാക്കുന്നു.
കോർട്യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഇടുങ്ങിയ പ്ലോട്ടിലെ അകത്തളങ്ങളിൽ നാച്ചുറൽ ലൈറ്റ് എത്തിക്കുന്നതിൽ ഇത് പ്രധാനപങ്കുവഹിക്കുന്നു.
ഡബിൾഹൈറ്റിലാണ് ഡൈനിങ്. ഇത് ഉള്ളിൽ കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനുമേകുന്നു.
എല്ലാം കയ്യൊതുക്കത്തിൽ ലഭിക്കുന്ന കിച്ചൻ വൈറ്റ് തീമിലൊരുക്കി. മറൈൻ പ്ലൈവുഡ് കൊണ്ട് ധാരാളം കബോർഡുകളും ഒരുക്കി. അനുബന്ധമായി വർക്കേരിയ നൽകി.
വീടിനകത്തേക്ക് കടന്നാൽ ഇടുങ്ങിയ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നതാണ് ഡിസൈനിങ്ങിലെ മികവ്.