തൃശൂർ ജില്ലയിലെ ചേലക്കോട്ടുകരയിലാണ് ബിസിനസുകാരനായ ലാലിന്റെയും കുടുംബത്തിന്റെയും 'ലക്ഷ്മിപ്രഭ' എന്ന ഈ സ്വപ്നഭവനം. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായി, എന്നാൽ ഉള്ളിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ വീടാണിത്
ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയുടെ തീം തന്നെ കാർപോർച്ചും പിന്തുടരുന്നു. പ്രധാന ഗെയ്റ്റ് കൂടാതെ നടപ്പാതയുള്ള വിക്കറ്റ് ഗെയ്റ്റുമുണ്ട്. വീടിന്റെ പുറമെ നിന്നുള്ള ഭംഗി മറയ്ക്കാതെ, ടെറാക്കോട്ട ജാളി കൊണ്ടുള്ള മതിലിലെ ഡിസൈൻ ആകർഷകമാണ്. അതേസമയം മുൻവശത്തെ റോഡിൽനിന്ന് സ്വകാര്യയേകാൻ പച്ചപ്പുകൊണ്ട് നാച്ചുറലായി വീടിനെ മറച്ചിരിക്കുന്നു. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചലങ്കരിച്ചു. മറ്റിടങ്ങളിൽ പേൾ ഗ്രാസും ചെടികളും ഹരിതാഭ നിറയ്ക്കുന്നു.
ഗൃഹനാഥനും ഭാര്യയും 2 മക്കളുമാണ് സ്ഥിരതാമസക്കാര്‍. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, സ്റ്റഡി റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 3816 ചതുരശ്രയടിയാണ് വിസ്തീർണം.
നീളൻ സിറ്റൗട്ടും പ്രധാനവാതിലിനരികെ ഔട്ടർ ഗ്രീൻ കോർട്യാർഡും ചിട്ടപ്പെടുത്തി. സിറ്റൗട്ടിന്റെ മുകളിലെ ഭിത്തിയിൽ വലിയ ഗ്ലാസ് ജാലകങ്ങളുണ്ട്. ഇതുവഴി വെളിച്ചം സമൃദ്ധമായി ഉള്ളിലെത്തുന്നു.
ടെറാക്കോട്ട ജാളി, സിമന്റ് ഫിനിഷ്, ബ്രിക്ക് ക്ലാഡിങ് തുടങ്ങിയ നാച്ചുറൽ എലമെന്റുകൾ വീടിന്റെ അകത്തളത്തിൽ സ്വാഭാവിക ഭംഗി നിറയ്ക്കുന്നു. സെമി- ഓപ്പൺ നയത്തിൽ ഇടങ്ങൾ ഒരുക്കിയതിനാൽ വിശാലതയും ജാലകങ്ങളുടെ സാന്നിധ്യം ക്രോസ് വെന്റിലേഷനും ഉറപ്പാക്കുന്നു.
റസ്റ്റിക് ഫിനിഷിലാണ് കിടപ്പുമുറികൾ. സിമന്റ് ടെക്സ്ചർ ഫിനിഷിലാണ് ഹെഡ്‌സൈഡ് ഭിത്തിയും ചുവരുകളും.
രാത്രിയിൽ വാം ടോൺ ലൈറ്റുകൾ കൂടി കൺതുറക്കുമ്പോൾ ഒരു റിസോർട്ട് ആംബിയൻസ് ഇവിടെ നിറയുന്നു.