പതിവുകളിൽനിന്ന് മാറിനടക്കുന്ന വീട്. ചുറ്റുപാടുകളോട് ഇഴുകിച്ചേരാതെ സ്റ്റാൻഡ് ഔട്ട് ചെയ്തുനിൽക്കുന്ന കൗതുകമുണർത്തുന്ന രൂപഭംഗി. ഇതാണ് കോഴിക്കോടുള്ള അജ്മലിന്റെയും സബ്നയുടെയും വീടിന്റെ ഹൈലൈറ്റ്. പലതട്ടുകളായുള്ള പ്ലോട്ടിൽ വെറൈറ്റി വീട് വേണം എന്ന വീട്ടുകാരുടെ ആവശ്യം പൂർണമായും ഇവിടെ സാധ്യമാക്കിയിരിക്കുന്നു
പുറംകാഴ്ചയിൽ മുറ്റം വീടിന്റെ മുകൾനിലയിലേക്ക് കയറിപ്പോകുന്ന പോലെ കൗതുകമുള്ള കാഴ്ചയാണ് ലഭിക്കുന്നത്. പ്ലോട്ടിന്റെ ചെരിവിനെ വിദഗ്ധമായി എലിവേഷന്റെ ഭാഗമാക്കി. മുറ്റത്തുള്ള ഗ്രേസ് അതേപടി ഈ ചെരിഞ്ഞ റൂഫിലുമുണ്ട്.
കണ്ടാൽ ഇരുനില വീടാണെങ്കിലും, പ്ലോട്ടിന്റെ ഉയരവ്യത്യാസം മുതലാക്കി ബേസ്മെന്റ് ഫ്ലോറും ഇവിടെയുണ്ട്. മൂന്നുനിലകളിൽ വീട് ഒരുക്കിയെങ്കിലും ഉയരമനുസരിച്ച് ഇടങ്ങൾ തമ്മിൽ ഏഴോ എട്ടോ തട്ടുകളുണ്ട് എന്ന കൗതുകവുമുണ്ട്. സ്‌റ്റെപ്പുകൾ കയറുമ്പോഴുള്ള ആയാസം ഒഴിവാക്കുക എന്ന ഉദ്ദേശ്യവും ഇത്തരം തട്ടുകൾക്കുപിന്നിലുണ്ട്. പ്രധാനവാതിൽ വഴിയല്ലാതെ പോർച്ചുവഴി ഗ്രൗണ്ട് ഫ്ലോറിലേക്ക് ഏതാനും പ്രൊവിഷൻ ഇട്ടിട്ടുണ്ട്.
പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, കോർട്യാർഡ്, വാട്ടർ ബോഡി എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിലുള്ളത്. മുകൾനിലയിൽ ഒരുകിടപ്പുമുറി, ഹോം തിയറ്റർ, സ്വിമ്മിങ് പൂൾ എന്നിവയുണ്ട്. ബേസ്മെന്റ് ഫ്ലോറിൽ രണ്ടു കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. മൊത്തം 5800 ചതുരശ്രയടിയാണ് വിസ്തീർണം.
പബ്ലിക്- സെമി പബ്ലിക്- പ്രൈവറ്റ് എന്നിങ്ങനെ ബഫർ സോണുകളായാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. കടുംനിറങ്ങളുടെ, കൃത്രിമ അലങ്കാരവേലകളുടെ അതിപ്രസരം ഒഴിവാക്കിയാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. സെമി-റസ്റ്റിക് തീമിലാണ് അകത്തളങ്ങൾ. കരിങ്കല്ലിന്റെ സ്വാഭാവികത നിറയുന്ന ചുവരുകൾ, സിമന്റ് ഫിനിഷ് ചുവരുകൾ, അതിനോട് ഇഴുകിച്ചേരുന്ന ഫ്ളോറിങ് എന്നിവയെല്ലാം ഉള്ളിൽ പോസിറ്റീവ് ആംബിയൻസ് നിറയ്ക്കുന്നു.
വീടിന്റെ ആത്മാവ് വാട്ടർബോഡിയുള്ള കോർട്യാർഡാണ്. വശത്തുള്ള ഇടങ്ങളിൽനിന്ന് ഇവിടേക്ക് ഇറങ്ങാനും കാഴ്ച ലഭിക്കാനും വിധം സ്ലൈഡിങ് ജനൽവാതിലുകളുണ്ട്. ഗ്രില്ലും ഗ്ലാസുമുള്ള സീലിങ് വഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു.
ഡൈനിങ്-കിച്ചൻ ഓപൺതീമിലാണ്. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ്ഡോർ വഴി വാട്ടർ കോർട്യാർഡിലേക്കിറങ്ങാം. എട്ടുപേർക്കുള്ള ഡൈനിങ് ടേബിൾ കൂടാതെ കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കി.
രാത്രിയിൽ വാം ടോൺ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിനുചുറ്റും റിസോർട്ട് ആംബിയൻസ് നിറയുന്നു. വ്യത്യസ്‍തമായ വീടുകാണാൻ മിക്കദിവസവും സന്ദർശകരുണ്ടാകും. ആഗ്രഹിച്ച പോലെ വ്യത്യസ്തമായ വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.