കണ്ടാൽ സിംപിൾ; ഇത് രാജ്യാന്തര തലത്തിൽ താരമായ വീട്

content-mm-mo-web-stories content-mm-mo-web-stories-homestyle 74rrceeooop62jubjeirgive89 593h08googvaq3hacfi5j9buu9 brick-lattice-house-nemom-got-international-attention-hometour content-mm-mo-web-stories-homestyle-2024

ചുറ്റും കെട്ടിടങ്ങളുള്ള പ്രദേശത്തെ വെറും അഞ്ചര സെന്റിൽ സ്വസ്ഥസുന്ദരമായ വീടുവേണം. ഇതായിരുന്നു തിരുവനന്തപുരം നേമത്ത് വീടുപണിയാനുള്ള പദ്ധതിയുമായി ആർക്കിടെക്ടിനെ സമീപിച്ചപ്പോൾ വീട്ടുകാരുടെ ആവശ്യം. സ്ഥലപരിമിതിയും ചുറ്റുപാടുകളും വെല്ലുവിളി ഉയർത്തിയെങ്കിലും വീട്ടുകാരുടെ ആഗ്രഹം 100 % സാധ്യമാക്കി നൽകി ആർക്കിടെക്ട് ശ്രീജിത്

'തേക്കാത്ത ചുവരുകളുള്ള ഇഷ്ടിക വീട്' എന്ന് ഈ ഗൃഹത്തെ വിളിക്കാം. കടുംനിറങ്ങളുടെ അതിപ്രസരം ഇല്ലേയില്ല. ഇഷ്ടിക- സിമന്റ് ഫിനിഷ് എന്നിവ മാത്രമാണ് ഇവിടെയുള്ളത്. പ്രത്യേക വിധത്തിൽ നിരത്തി നിർമിച്ച വലിയ ജാളി ഭിത്തിയാണ് വീടിന്റെ പുറംകാഴ്ചയിലെ കൗതുകം. മുകൾനിലയ്ക്ക് ഒരുസ്ക്രീൻപോലെ സ്വകാര്യതയേകാനും ഇതുപകരിക്കുന്നു.

'സ്വാഭാവികത്തനിമയിൽ ഭംഗി കണ്ടെത്തുക' എന്ന നയമാണ് പിന്തുടർന്നത്. തിരക്കിട്ട ജീവിതശൈലിയുള്ള ചെറിയ കുടുംബത്തിന് വീടിനായി മാറ്റിവയ്ക്കാൻ സമയമില്ല. അതിനാൽ പരിപാലനം എളുപ്പമാക്കുക എന്ന ഉദ്ദേശ്യവും ഇവിടെ പിന്തുടർന്ന റസ്റ്റിക് ഫിനിഷിനുണ്ട്.

പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടുകിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാത്‌റൂം, സ്റ്റഡി ഏരിയ, ജിം, ഓപൺ ടെറസ് എന്നിവയുണ്ട്. 2360 ചതുരശ്രയടിയാണ് വിസ്തീർണം.

സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയതിനാൽ ചെറിയ സ്ഥലത്തും പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നു. പ്ലോട്ടിന്റെ കിടപ്പനുസരിച്ച് കാറ്റും വെളിച്ചവും പരമാവധി ലഭിക്കാൻ ജാലകങ്ങളുമുണ്ട്.

ഡബിൾഹൈറ്റിലുള്ള ഡൈനിങ് ഏരിയയാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. രണ്ടുനിലകളെയും ബന്ധിപ്പിക്കുന്ന ഇടമാണിത്. ഇവിടെ വശത്തും ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു.

സിംപിൾ തീമിലുള്ള ഓപൺ കിച്ചൻ വേർതിരിച്ചു. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർവഴി പച്ചപ്പുനിറച്ച കോർട്യാർഡിലേക്കിറങ്ങാം. ചുറ്റും കെട്ടിടങ്ങൾ നിറഞ്ഞ സ്ഥലത്ത് വീടിനുള്ളിൽ ഹരിതാഭ നിറയ്ക്കാൻ ഇതുവഴി സാധിച്ചു.

ചുറ്റുപാടും കെട്ടിടങ്ങൾ ഉള്ളതിനാൽ പരമാവധി സ്വകാര്യത ലഭിക്കുംവിധമാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്.

രാത്രിയിൽ വാം ടോൺ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. സ്ഥലപരിമിതിയെ മറികടന്ന് ഈ വേറിട്ട വീട് ഡിസൈൻ ചെയ്ത ശ്രീജിത്തിന് 2022 ലെ വേൾഡ് ആർക്കിടെക്ചർ കമ്യൂണിറ്റി പുരസ്കാരവും ലഭിച്ചു. അങ്ങനെ വീട് രാജ്യാന്തര തലത്തിലും താരമായി.