ഒരുനിലയാണ് സന്തോഷം! ലളിതസുന്ദരമായ വീട്

content-mm-mo-web-stories content-mm-mo-web-stories-homestyle 4qquceq0llvc4kfirv60i02cf5 5a9811thadbj00r2daefn0ptri content-mm-mo-web-stories-homestyle-2024 simple-single-storey-house-kollam-hometour

കൊല്ലം മീയണ്ണൂർ എന്ന സ്ഥലത്താണ്‌ അരുണിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ദീർഘചതുരാകൃതിയിൽ, നല്ല വ്യൂ ലഭിക്കുന്ന ഉയര്‍ന്ന പ്ലോട്ടിലാണ് വീടുപണിതത്. പരിപാലനം എളുപ്പമാക്കുന്നതിനുവേണ്ടി ഒരുനിലയിൽ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു. സമകാലിക ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലായി നൽകിയത്

താരതമ്യേന ചൂടുള്ള പ്രദേശമാണ്. ഇത് പരിഗണിച്ച് ചൂട് കുറയ്ക്കാനുള്ള വഴികൾ ഡിസൈനിൽ ഉൾപ്പെടുത്തി. തടി നിയന്ത്രിച്ച്, ബദലായി ജിഐ ഉപയോഗിച്ചത് ഫർണിഷിങ് ചെലവ് അൽപം പിടിച്ചുനിർത്താൻ സഹായിച്ചു. ജിഐ ട്രസ് റൂഫിങ് ചെയ്താണ് കാർ പോർച്ച് ഒരുക്കിയത്. ജിഐ ട്യൂബ്, ജിഐ ഷീറ്റ് എന്നിവയിലാണ് സ്ലൈഡിങ് ഗെയ്റ്റ് നിർമിച്ചത്.

പ്ലോട്ടിൽ ധാരാളം കരിങ്കല്ല് ഉണ്ടായിരുന്നു. ഇത് വോക് വേയിൽ ഉപയോഗിച്ചു. മുറ്റത്ത് ബേബി മെറ്റൽ വിരിച്ചു. പേൾ ഗ്രാസ് വിരിച്ച പുൽത്തകിടിയുമുണ്ട്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുള്ള മൂന്നു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 1850 സ്ക്വയര്‍ഫീറ്റിൽ ഉൾക്കൊള്ളിച്ചത്. ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. കാറ്റിന്റെ ദിശയനുസരിച്ച് ജാലകങ്ങളുമുണ്ട്. അതിനാൽ ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു.

പൂജ സ്‌പേസ് ഡബിൾഹൈറ്റിൽ ഒരുക്കി. നാച്ചുറൽ ലൈറ്റ് ലഭിക്കാൻ റൂഫ് പർഗോളയും ഹാളിലുണ്ട്. പകൽസമയത്ത് വീട്ടിൽ ലൈറ്റിടേണ്ട കാര്യവുമില്ല.

ഡൈനിങ് ഹാളിന്റെ ഒരുവശത്ത് സ്റ്റഡി ഏരിയ വേർതിരിച്ചു. ഓപ്പൺ ഹാളായതുകൊണ്ട് കിച്ചനിൽനിന്നും കുട്ടികളെ ശ്രദ്ധിക്കാനാകും. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് UPVC ഗ്ലാസ് ഡോർ വഴി പാറ്റിയോയിലേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ ചൂടുവായു പുറംതള്ളി അകത്തളത്തിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കും.

ചെറിയ സ്ഥലത്തും കിടപ്പുമുറികളിൽ ആവശ്യത്തിന് സൗകര്യങ്ങൾ ചിട്ടപ്പെടുത്തി. ബേ വിൻഡോകളാണ് മുറികളിലെ മറ്റൊരാകർഷണം. ഡ്രൈ- വെറ്റ് ഏരിയ വേർതിരിച്ച ബാത്‌റൂമും അനുബന്ധമായുണ്ട്.

പ്രത്യേകം വർക്കേരിയ ഇല്ലാത്തതിനാൽ അത്യാവശ്യം വിശാലമായി കിച്ചനൊരുക്കി. ചെലവ് ചുരുക്കാൻ അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചു. ACP ഷീറ്റ് ഉപയോഗിച്ചാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗാലക്‌സി ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.

വീട് ഒരുനില മതിയെന്ന് തീരുമാനിച്ചത് ഉചിതമായി. വളരെ വേഗം വീട് വൃത്തിയാക്കാം, കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാനാകും, മൊത്തത്തിൽ കുടുംബത്തിൽ ഒരു ഹൃദ്യത നിലനിർത്താൻ സാധിക്കുന്നു എന്ന് വീട്ടുകാർ പറയുന്നു. വിലക്കയറ്റത്തിന്റെ ഈ കാലത്ത്, സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷത്തിന് 1850 ചതുരശ്രയടി വീട് പൂർത്തിയാക്കാനായി എന്നതും പ്രസക്തമാണ്.