വ്യത്യസ്തമായ ആകൃതിയും വെള്ള നിറത്തിന്റെ നൈർമല്യവുംകൊണ്ട് വിസ്മയിപ്പിക്കുകയാണ് തിരുവനന്തപുരത്തുള്ള ഈ ഭവനം. വ്യത്യസ്തമായ നിരവധി വീടുകൾ രൂപകൽപന ചെയ്ത് ശ്രദ്ധനേടിയ ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസാണ് ശിൽപി. നഗരമധ്യത്തിൽ ചുറ്റുപാടും വീടുകൾ നിറഞ്ഞ പ്രദേശത്തുള്ള 7.3 സെന്റിലാണ് വീടുപണിതത്. അതിനാൽ സ്ഥലപരിമിതിയോടൊപ്പം സ്വകാര്യതയും വെല്ലുവിളിയായിരുന്നു
ത്രികോണവും ദീർഘചതുരവും ഇടകലർന്ന എലിവേഷൻ കൗതുകം നിറയ്ക്കുന്നതാണ്. ഇതിൽ ധാരാളം സ്ക്വയർ ജാളികളും നൽകി. രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോൾ ജാളിയിലൂടെ ലൈറ്റുകൾ പ്രതിഫലിക്കുന്നത് രസമുള്ള കാഴ്ചയാണ്.
അഭിഭാഷക കുടുംബമാണ് വീട്ടുകാർ. അതിനാൽ 'ആർട്ടിക്കിൾ 21' എന്ന വീട്ടുപേര് ഭരണഘടനയിൽനിന്ന് കണ്ടെത്തിയെന്ന കൗതുകവുമുണ്ട്. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം പ്രതിപാദിക്കുന്ന അനുച്ഛേദം, മറ്റൊരർഥത്തിൽ വീടിന്റെയും വീട്ടുകാരുടെയും ഫിലോസഫി തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.
രണ്ടു കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 2959 ചതുരശ്രയടിയാണ് വിസ്തീർണം.
അകത്തും പുറത്തും തൂവെള്ള നിറത്തിന്റെ വെണ്മയാണ് വീടിന്റെ ആകെത്തുക. ഇടങ്ങൾ കൂടുതൽ വിശാലവും തെളിച്ചമുള്ളതുമായി തോന്നിക്കാനും ഇതുപകരിക്കുന്നു. വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇരുനിലകളും തമ്മിൽ ദൃശ്യപരമായി ബന്ധിപ്പിക്കുന്നതിനൊപ്പം വിശാലതയും ക്രോസ് വെന്റിലേഷനും സുഗമമാക്കാനും ഇതുപകരിക്കുന്നു.
ഫർണിച്ചറുകൾ വൈറ്റ് വുഡ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്തതാണ്. വൈറ്റ് തീമുമായി ഇത് ഇഴുകിച്ചേരുന്നു. ഡൈനിങ്ങിന്റെ വശത്തെ സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ കാറ്റുംവെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തും.
പരസ്പരം ലയിച്ചുനിൽക്കുന്ന പ്രതീതി ഉളവാക്കുന്നുണ്ട് ഓരോയിടങ്ങളും. ഉദാഹരണത്തിന് നിലത്തുവിരിച്ച വൈറ്റ് ടൈൽ ഗോവണിപ്പടിയിലും തുടരുന്നു. വെള്ള നിറത്തിന് കോൺട്രാസ്റ്റ് നൽകാനായി വുഡൻ ഫിനിഷുള്ള ഫർണിച്ചറുകളും ടിവിയുടെ ബ്ലാക് നിറവും ഉപയോഗിച്ചു.
ഫോർമൽ ലിവിങ്ങിന്റെ ഡബിൾ ഹൈറ്റ് ഉപയോഗപ്പെടുത്തി മെസനൈൻ ഫ്ലോറിലാണ് ലൈബ്രറി സ്‌പേസ് വേർതിരിച്ചത്. ഇവിടേക്ക് ബ്രിഡ്ജ് പോലെ നടപ്പാതയുമുണ്ട്.
പുതിയകാലത്തിന്റെ ഗതിവേഗത്തിന് യോജിച്ച, എല്ലാം കയ്യൊതുക്കത്തിലുള്ള കിച്ചൻ ഒരുക്കി. വുഡൻ ഫിനിഷിൽ ക്യാബിനറ്റും കൗണ്ടറിൽ ഗ്രാനൈറ്റും വിരിച്ചു.
മുകളിലുള്ള രണ്ടു കിടപ്പുമുറികളിൽനിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ബാൽക്കണിയിലേക്കിറങ്ങാം.
കാറ്റ്, വെളിച്ചം, പോസിറ്റീവ് എനർജി എന്നിവ വീടിനുള്ളിൽ നിറയുന്നു. ചുരുക്കത്തിൽ ആകാംക്ഷ നിറയ്ക്കുന്ന വീടുകാണാൻ നിരവധി ആളുകൾ എത്താറുണ്ട്.