വേറിട്ട സമകാലികഭംഗി; നാട്ടിലെ താരമായി പ്രവാസിവീട്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 5df842dqiniqkfae2l4efj6bvu

പ്രവാസിമലയാളി ദമ്പതികളുടെ ആഗ്രഹങ്ങൾ കോർത്തിണക്കി, മലപ്പുറം പെരിന്തൽമണ്ണയിൽ നിർമിച്ച വീടാണിത്. സമകാലിക ശൈലിക്കൊപ്പം കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ച്, മിതത്വം പാലിച്ചുള്ള നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും സൗന്ദര്യാത്മകമായി സമന്വയിക്കുന്നിടത്താണ് വീട് വ്യത്യസ്തമാകുന്നത്.

ഒരു തെങ്ങിൻതോപ്പിലാണ് നിർമാണം നടന്നത്. സ്ഥലത്തിന്റെ ഹരിതാഭയും ഭംഗിയും നിർമിതിയുടെ സൗന്ദര്യത്തെ എടുത്തു കാണിക്കുന്നതില്‍ പങ്കു വഹിക്കുന്നു. രണ്ടു ഭാഗങ്ങളായാണ് സൈറ്റിനെ തരംതിരിച്ചത്, വീടിനായി ഒരുഭാഗം മാറ്റിവയ്ക്കുകയും ബാക്കിയുള്ള ഭാഗങ്ങൾ പൂന്തോട്ടത്തിനും അധിക കാർ പാർക്കിങ്ങിനും കൂടാതെ കുട്ടികൾക്കായുള്ള കളിസ്ഥലത്തിനും ഉപയോഗിച്ചു.

ചതുരസ്ഥലമാണ് നിർമാണത്തിന് ലഭിച്ചത്. പല തലമുറകൾ താമസിക്കാൻ ഉണ്ടെന്നതിനാൽ സ്വകാര്യതയും പൊതുഇടങ്ങളും ഒരുപോലെ പ്രാധാന്യം അർഹിച്ചിരുന്നു.

ഫ്ലോട്ടിങ് ശൈലിയിലുള്ള കാർപോർച്ചിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. നേരെ പൂമുഖശൈലിയിലുള്ള വരാന്തയിലേക്കും കടക്കാം. നിലമ്പൂർ തേക്കുകൊണ്ടാണ് പ്രധാനവാതിൽ നിർമിച്ചിച്ചത്.

ധാരാളം കാറ്റും വെളിച്ചവും ലഭിക്കുംവിധമാണ് രൂപകൽപന. മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഇതുവഴി സാധിക്കുന്നു.

U ഷേപ്പിൽ നിർമിച്ചിരിക്കുന്ന ടിവി യൂണിറ്റിനെ അഭിമുഖീകരിക്കുന്ന ഇരിപ്പിടങ്ങൾ മറ്റൊരു സവിശേഷതയാണ്. ലിവിങ് ഏരിയയിൽ നിന്ന് പാറ്റിയോയും വീക്ഷിക്കാവുന്നതാണ്. ഡബിൾ ഹൈറ്റ് നിർമാണ രീതി അവലംബിച്ചിരിക്കുന്നതിനാൽ വിശാലത അനുഭവപ്പെടുന്നു.

മാസ്റ്റർ ബെഡ്റൂമും അച്ഛനമ്മമാർക്കായുള്ള മുറിയും അപ്പുറവും ഇപ്പുറവും ആയി നിലനിർത്തിയിരിക്കുന്നു. എന്നാൽ ഡിസൈനിലെ സവിശേഷത കൊണ്ട് സ്വകാര്യത ഇവിടെ വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ല. കൗതുകവും കുസൃതിയും ഇടകലർന്ന രീതിക്കാണ് കുട്ടികളുടെ മുറി ഒരുക്കിയിരിക്കുന്നത്. ഇതവരുടെ മാനസിക ഉല്ലാസത്തിന് ഉണർവേകും എന്ന കാര്യത്തിൽ തർക്കമില്ല.

തുറന്ന രീതിയിലുള്ള അടുക്കളയാണ്. വിശാലമായ ഡൈനിങ്ങിൽ പാറ്റിയോയിലേക്കുള്ള എൻട്രി നൽകിയതിനാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തും. L ഷേപ്പിലാണ് ഗോവണിപ്പടികൾ നിർമിച്ചിരിക്കുന്നത്. തേക്കിൻ തടി കൊണ്ടുള്ള ഫിനിഷിങ് ഇവയെ കൗതുക കാഴ്ചയായി വീടിനുള്ളിൽ നിലയുറപ്പിക്കുന്നു.

ചുരുക്കത്തിൽ കൗശലത്തിന്റെയും, സൗന്ദര്യാത്മകതയുടെയും, പ്രായോഗികതയുടെയും വ്യക്തമായ ഇഴചേരലാണ് എന്ന ഈ ഭവനം.