ചങ്ങനാശേരി പാറേപ്പള്ളിയിലാണ് ജോസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ട്രോപിക്കൽ+ കന്റെംപ്രറി ശൈലികളുടെ സങ്കലനമായാണ് വീടൊരുക്കിയത്. റോഡിൽനിന്ന് അൽപം ഉയർന്ന 12 സെന്റിൽ പരമാവധി സ്ഥലഉപയുക്തത നൽകിയാണ് വീട് നിർമിച്ചത്. ഫ്ലാറ്റ്-സ്ലോപ് റൂഫുകളുടെ കൂടിച്ചേരലാണ് പുറംകാഴ്ച മനോഹരമാക്കുന്നത്. വെള്ള നിറത്തിലുള്ള പുറംചുവരുകളിൽ വേർതിരിവേകുന്നത് ക്ലേ ടൈൽ ക്ലാഡിങ്ങാണ്
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2773 ചതുരശ്രയടിയാണ് വിസ്തീർണം. താഴെ 1865 ചതുരശ്രയടി, മുകളിൽ 908 ചതുരശ്രയടി എന്നിങ്ങനെയാണ് വിന്യാസം.
ഫോൾസ് സീലിങ് ചെയ്യാതെ കോൺക്രീറ്റിനുള്ളിൽനിന്ന് നേരിട്ട് സ്പോട് ലൈറ്റുകൾ കൊടുത്തത് വ്യത്യസ്തതയാണ്. അതേസമയം പകൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കുംവിധം വലിയ ജനാലകൾ ക്രമീകരിച്ചു. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റ്. ഇവിടെ ഒരു ഭിത്തി ഫാമിലി ഫോട്ടോവോൾ ആക്കി മാറ്റി.
ടീക്+ ഗ്ലാസ് കോംബിനേഷനിലാണ് ഡൈനിങ് ടേബിൾ. ടീക് വുഡിൽ അപ്ഹോൾസ്റ്ററി ചെയ്ത് ചെയറുകൾ ഒരുക്കി. ഡൈനിങ്ങിനോടുചേർന്ന് ഒരു സെർവിങ് കൗണ്ടറും ചിട്ടപ്പെടുത്തി. ഇവിടെ ഓവർഹെഡ് ഷോകേസും വേർതിരിച്ചു.
വിശാലമായ ഓപൺ കിച്ചനാണ് മറ്റൊരു ഹൈലൈറ്റ്. പ്രധാന കിച്ചൻ- വർക്കേരിയ എന്നിവ പാർടീഷനില്ലാതെ വിന്യസിച്ചു. ഇൻബിൽറ്റ് അവ്ൻ, ഡിഷ് വാഷർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ മോഡുലാർ കിച്ചനിലുണ്ട്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ധാരാളം സ്റ്റോറേജ് പുൾ-ഔട്ട് യൂണിറ്റുകളും ഇവിടെയുണ്ട്.
നാലു കിടപ്പുമുറികളും സമാന ഡിസൈൻ ശൈലിയിലാണ്. ഡ്രസിങ് ഏരിയ, വെറ്റ് -ഡ്രൈ ഏരിയ വേർതിരിച്ച ബാത്റൂം എന്നിവ കിടപ്പുമുറികളിലുണ്ട്.
മുകളിൽ ഓപൺ ടെറസ് കുറച്ചുഭാഗം മേൽക്കൂര റൂഫിങ് ഷീറ്റ് വിരിച്ച് മൾട്ടി യൂട്ടിലിറ്റി ഏരിയയാക്കിമാറ്റി.