പാലക്കാടാണ് ഷാജഹാന്റെയും കുടുംബത്തിന്റെയും സ്വപ്നഭവനം. വിശാലമായ പ്ലോട്ടിൽ നിർമിച്ച വീട് മനോഹരമായ കാഴ്ചാനുഭവമാണ് നൽകുന്നത്.
സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് ലീനിയർ പാറ്റേണിലാണ് എലിവേഷൻ. ക്ലാഡിങ്, ജാളികൾ എന്നിവ പുറംകാഴ്ചയ്ക്ക് വേർതിരിവേകുന്നു.
വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റംനൽകി പിന്നിലേക്കിറക്കിയാണ് സ്ഥാനംകണ്ടത്. മുറ്റം ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചലങ്കരിച്ചു. പേൾ ഗ്രാസും ചെടികളും ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ, പൂൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4200 ചതുരശ്രയടിയാണ് വിസ്തീർണം.
സിറ്റൗട്ടിൽ അനുബന്ധമായി ഒരു ഗ്രീൻ കോർട്യാർഡ് സ്‌പേസുണ്ട്. ഗ്രീൻ നിറത്തിലുള്ള സോഫകളാണ് ഫോർമൽ ലിവിങ് അലങ്കരിക്കുന്നത്. സീലിങ്ങിൽനിന്ന് ഭിത്തിയിലേക്ക് പടരുന്ന വുഡൻ പാനലിങ്ങാണ് ഫാമിലി ലിവിങ്ങിലെ ശ്രദ്ധാകേന്ദ്രം.
സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് സ്‌പേസ് വീടിനുള്ളിലെ വിശാലമായ ഇടമാണ്. വീട്ടിൽ ഏറ്റവും കലാപരമായി ഒരുക്കിയ ഇടവും സ്‌റ്റെയർ ഏരിയയാണ്. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്റ്റെയർ നിർമിച്ചത്. സ്‌റ്റെയറിനുതാഴെ കോർട്യാർഡ് വേർതിരിച്ചു. ഇൻഡോർ പ്ലാന്റുകൾ, ഇൻബിൽറ്റ് സീറ്റിങ് എന്നിവ ഇവിടെയുണ്ട്.
ട്വിൻ വാഷ് ബേസിനുകൾ വാഷ് ഏരിയയിലെ പ്രത്യേകതയാണ്. കൺസീൽഡ് സ്റ്റോറേജും ഇവിടെയുണ്ട്.
ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിന്റെ ഭാഗമാണ്. മെറ്റൽ ഫ്രയിമിൽ മാർബിൾ ടേബിൾ ടോപ്പ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്.
അപ്പർ ലിവിങ് സ്‌പേസ് ഹോം തിയറ്ററാക്കി മാറ്റാം. ഇതിനായി ചുരുട്ടിവയ്ക്കാവുന്ന സ്‌ക്രീനുണ്ട്.
മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മോഡുലാർ കിച്ചൻ വൈറ്റ്-വുഡൻ തീമിലൊരുക്കി. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
റിസോർട് ഫീലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. ബേവിൻഡോകൾ മുറികളിലെ മനോഹരസാന്നിധ്യമാണ്. എല്ലാ മുറികളിലെയും ഹെഡ്‌സൈഡ് ഭിത്തി വുഡൻ പാനലിങ് ചെയ്ത് ഭംഗിയാക്കി.
ചുരുക്കത്തിൽ ആഡംബരക്കാഴ്ചകളുടെ ഉത്സവമാണ് ഉള്ളിലൊരുക്കിയിരിക്കുന്നത്. വൈകുന്നേരം ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.