കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വീട്!

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 1793f8huean6bq2k6pubmteiq0

കൊല്ലം ജില്ലയിലെ കരിക്കോടുള്ള ഡോ. ഷെഫിലിന്റെ വീട് ഇപ്പോൾ നാട്ടിലെ താരമാണ്. കാരണം, കേരളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത കൗതുകമുണർത്തുന്ന പുറംകാഴ്ചയും അതിഗംഭീരമായി ഒരുക്കിയിട്ടുള്ള അകത്തളങ്ങളുമാണ് ഇവിടെ കാത്തിരിക്കുന്നത്.

ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് പുറംകാഴ്ച. ഒറ്റനോട്ടത്തിൽ വ്യത്യസ്ത എലിപ്സുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഡിസൈൻ.പുറംകാഴ്ചയിലെ കൗതുകം ആരംഭിക്കുന്നത് കാർപോർച്ചിലൂടെയാണ്. പില്ലറുകളില്ലാതെ സ്റ്റീലും RCC യും ഉപയോഗിച്ചാണ് ഈ സ്ട്രക്ചർ നിർമിച്ചിരിക്കുന്നത് എന്നതാണ് അതിന്റെ രഹസ്യം.

കാർപോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ട് കോർട്യാഡ്സ്, താഴത്തെ നിലയിൽ രണ്ടു ബെഡ്റൂമുകളും മുകളിലത്തെ നിലയിൽ മൂന്നു ബെഡ്റൂമുകളും,6 ബാത്റൂം ഉൾപ്പെടെ 6600 സ്ക്വയർഫീറ്റിലാണ് വീട്. സെമി ഓപൺ രീതിയിലാണ് അകത്തളങ്ങൾ. ഇത് വിശാലതയ്‌ക്കൊപ്പം സ്വകാര്യതയും ഉറപ്പുവരുത്തുന്നു.

പ്രധാനവാതിൽ തുറന്ന് കടക്കുന്നത് ഫോയർ സ്പേസിലേക്കാണ്.ഇവിടെ വശത്തായി ഫോർമൽ ലിവിങ് ചിട്ടപ്പെടുത്തി. നീല നിറത്തിലുള്ള കസ്റ്റംമെയ്ഡ് സോഫകളാണ് ഇവിടെ ഭംഗി നിറയ്ക്കുന്നത്. മറ്റൊരാകർഷണം ഗോൾഡൻ ഇലകളുടെ കളറിൽ ചെയ്തിരിക്കുന്ന ഹൈലൈറ്റർ ഭിത്തിയാണ്.

ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റുണ്ട്.വുഡൻ ലീഫ് വരുന്ന ഫാനാണ് ഇവിടെ ഹൈലൈറ്റ്. ഇംപോർട്ടഡ് ഫാനുകളാണ് വീട്ടിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്. ഫാമിലി ലിവിങ്ങിനോടുചേർന്ന് പ്രെയർ സ്‌പേസ് വേർതിരിച്ചു.

വീട്ടിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന് വിശാലമായ ഡബിൾഹൈറ്റ്‌ കോർട്യാർഡാണ്. ഇവിടെ ഒരു ഊഞ്ഞാൽ നൽകിയിട്ടുണ്ട്. നാച്ചുറൽ ലൈറ്റ് ഇവിടം പ്രസാദാത്മകമായി നിലനിർത്തുന്നു.

വീടിന്റെ ഫോക്കൽ പോയിന്റായിട്ടുള്ള ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിലാണ്. 8 സീറ്റർ ഡൈനിങ് ടേബിളും ഇവിടെയുണ്ട്. അനുബന്ധമായി ഒരു ക്യൂരിയോ ഷെൽഫും അതിനോടുചേർന്ന് കോമൺ വാഷ് ഏരിയയും ചിട്ടപ്പെടുത്തി.

ഡൈനിങ്ങിനോടുചേർന്ന് മനോഹരമായ കോർട്യാർഡ് ഒരുക്കിയിരിക്കുന്നു. വുഡൻ ലാമിനേറ്റ് ഫ്ളോറിങ്ങാണ് ഇവിടെ നൽകിയിട്ടുള്ളത്. ഫുൾ ലെങ്ത് ഗ്ലാസുള്ള ഭിത്തിയാണ് കോർട്യാർഡിലെ ആകർഷണം. സുരക്ഷയ്ക്കായി ഓട്ടമേറ്റഡ് ഷട്ടറും കൊടുത്തിരിക്കുന്നു.

ബ്ലാക് ആൻഡ് വൈറ്റ് തീമിൽ ക്യൂട്ടായിട്ടുള്ള കിച്ചനാണ് ഇവിടെ ഒരുക്കിയത്. ഫ്രിജ്, സിങ്ക്, ഹോബ്, ക്യാബിനറ്റ്സ് കൂടാതെ മനോഹരമായ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ക്രമീകരിച്ചു.

തേക്കിൻ തടിയിൽ ടഫൻഡ് ഗ്ലാസ് ഹാൻഡ് റെയിൽ ചെയ്താണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. ടോപ്പിൽ പർഗോള വരുന്ന രീതിയിലാണ് കോർട്യാഡ് കം സ്റ്റെയർകേസ് ഏരിയ ചെയ്തിരിക്കുന്നത്. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു.

കാറുകളോട് ഏറെ താൽപര്യമുള്ള വീട്ടുകാരന്റെ ഇഷ്ടത്തിനനുസരിച്ച്, കാറിന്റെ റൂഫിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാസ്റ്റർ ബെഡ്റൂമിന്റെ റൂഫ് നിർമിച്ചിരിക്കുന്നത്. റെഡ് കളറിലുള്ള ഹെഡ് ബോർഡ്, സിഎൻസി കട്ടിങ് ചെയ്ത് ബാക് ലൈറ്റിങ് ചെയ്ത ഭിത്തി, ചുറ്റും വെർട്ടിക്കൽ ഗാർഡനുള്ള എൽഇഡി ലോങ് സ്റ്റാൻഡിങ് മിറർ എന്നിവയാണ് ഈ റൂമിന്റെ പ്രത്യേകതകൾ.

നിലത്തിരിക്കുന്ന രീതിയിലുള്ള സീറ്റിങ്ങാണ് അപ്പർ ലിവിങ്ങിലെ ആകർഷണം. വുഡൻ ലാമിനേറ്റ് ഫ്ലോറിങ്ങാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ടിവി യൂണിറ്റ് നൽകി.

ബാൽക്കണി സ്പേസും ഓപൺ ടെറസും മുകൾനിലയിലെ മറ്റൊരാകർഷണമാണ്. വീടിനുപിന്നിലായി ഒരു ഔട്ട്ഹൗസും ഒരുക്കിയിട്ടുണ്ട്.