തിരുവനന്തപുരം കാര്യവട്ടത്താണ് ഈ വീട്. നിരപ്പുവ്യത്യാസമുള്ള 12 സെന്റ് പ്ലോട്ടിനനുസരിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. സമകാലിക ശൈലിയിൽ, എന്നാൽ കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെയാണ് പുറംകാഴ്ച..
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 4700 ചതുരശ്രയടിയാണ് വിസ്തീർണം.
വീട്ടിലെ കോമൺ സ്‌പേസുകൾ ഓപ്പൺ നയത്തിൽ ചിട്ടപ്പെടുത്തി. ഇതിലൂടെ വിശാലതയും ഇടങ്ങൾ തമ്മിൽ ദൃശ്യപരമായ ബന്ധവും നിലനിൽക്കുന്നു. വീട്ടിൽ ചെലവഴിക്കുന്ന സമയത്ത് ഒത്തുചേരലിന്റെ ഹൃദ്യത ലഭിക്കാൻ ഇതുപകരിക്കുന്നു.
നാച്ചുറൽ വുഡ് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് അകത്തളങ്ങളുടെ സവിശേഷത. മറ്റിടങ്ങളിൽനിന്ന് അൽപം താഴ്ത്തിയാണ് ഫോർമൽ ലിവിങ് ചിട്ടപ്പെടുത്തിയത്. അക്വേറിയമാണ് ലിവിങ്ങിലെ ആകർഷണം.
കോർട്യാർഡാണ് വീട്ടുകാരുടെ ഇഷ്ടയിടം. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ പുറത്തെ പച്ചപ്പും കാറ്റും ഉള്ളിലേക്ക് ഒഴുകിയെത്തും.
മെറ്റൽ+ വുഡ് ഫിനിഷിലാണ് സ്‌റ്റെയർ. വീട്ടിലെ ഞങ്ങളുടെ മറ്റൊരു ഹൈലൈറ്റ് ബാൽക്കണിയാണ്. തടിയുടെ പ്രൗഢിയിലാണ് ഇവിടമൊരുക്കിയത്.പോളികാർബണേറ്റ് ഷീറ്റ് വിരിച്ച മേൽക്കൂരയിൽ വള്ളിച്ചെടികൾ പടർത്തിയിട്ടുണ്ട്. കുറച്ചുമാസങ്ങൾക്കുള്ളിൽ ഇതൊരു പച്ചത്തുരുത്തായിമാറും.
പുതിയകാല സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ കിച്ചനൊരുക്കി. ഇവിടെയും തേക്കിൻതടിയിലാണ് ക്യാബിനറ്റുകൾ നിർമിച്ചത്.
കാറ്റും വെളിച്ചവും ലഭിക്കുംവിധമാണ് നാലു കിടപ്പുമുറികളുടെയും ഡിസൈൻ. ഫർണിഷിങ്ങിൽ തടിയുടെ സാന്നിധ്യമാണ് മറ്റൊരു സവിശേഷത. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവ അനുബന്ധമായി ഉൾകൊള്ളിച്ചു.
ആഗ്രഹിച്ച പോലെ വീട് സഫലമാക്കാനായതിൽ വീട്ടുകാരും ഹാപ്പി.