ആലപ്പുഴ ഹരിപ്പാട് നഗരമധ്യത്തിലാണ് സമകാലിക ശൈലിയിലൊരുക്കിയ ഈ ആഡംബരവീട് സ്ഥിതിചെയ്യുന്നത്
പ്ലോട്ടിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ച് നിർമിച്ച വീടാണിത്.
റോഡിലെ പ്രധാന വളവിലുള്ള പ്ലോട്ടിൽ മൂന്നുവശത്തുനിന്നും കാഴ്ച ലഭിക്കും. ഇത് മുതലെടുത്താണ് എലിവേഷൻ ചിട്ടപ്പെടുത്തിയത്.
എക്സ്റ്റീരിയർ വൈറ്റ്+ഗ്രേ കോംബിനേഷനിലുള്ള എലിവേഷനിൽ ക്ലാഡിങ് ടൈലുകൾ, ലാറ്ററേറ്റ് ടെക്സ്റ്റർ വർക്കുകൾ നൽകി.
വീടിന്റെ പുറംകാഴ്ച മറയ്ക്കാതെ കനോപ്പി കാർ പോർച്ച് ഒരുക്കി. മൂന്നു വാഹനങ്ങൾ സുഖമായി പാർക്ക് ചെയ്യാം.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ.
മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാത്റൂം, ഹോം തിയറ്റർ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 5600 ചതുരശ്രയടിയാണ് വിസ്തീർണം.
അകത്തളം അലങ്കരിക്കുന്ന എല്ലാ ഫർണിച്ചറുകളും പൂർണമായും കസ്റ്റമൈസ് ചെയ്തതാണ്. ഫോൾസ് സീലിങ്ങും വാം ടോൺലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.ലിവിങ് റൂമിലെ ഒരുഭിത്തി പൂർണമായും അക്വേറിയം ചെയ്തിരിക്കുന്നു. വീടിനുള്ളിലെ മിക്കയിടങ്ങളിൽനിന്നും ഇവിടേക്ക് നോട്ടമെത്തും.
രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ഹൈലൈറ്റ്. തേക്ക് പാനലിങ്, യുപിവിസി, ടഫൻഡ് ഗ്ലാസുകൾ എന്നിവയുടെ കോംബിനേഷനാണ് ഇവിടെ ഭംഗിനിറയ്ക്കുന്നത്.
നാലുവലിയ കിടപ്പുമുറികളാണ് ഇവിടെയുള്ളത്. നാലും വ്യത്യസ്തമായി ചിട്ടപ്പെടുത്തി. ടെക്സ്ചർ, വോൾപേപ്പർ, വുഡ് പാനലിങ്, ലാമിനേഷൻ, വെനീർ, മെറ്റൽ പ്രൊഫൈൽ, പ്രൊഫൈൽ ലൈറ്റുകൾ എന്നിവ കിടപ്പുമുറികൾ പ്രൗഢമാക്കുന്നു.
മൂന്ന് വ്യത്യസ്‌ത കിച്ചൻ സ്‌പേസുകൾ ഇവിടെയുണ്ട്. ഓപൺ കിച്ചനോടുചേർന്ന് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും മിനി ബാറുമുണ്ട്. ധാരാളം സ്‌റ്റോറേജും ഇവിടെ ഉൾപ്പെടുത്തി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ.
മുകൾനിലയിൽ ഡോൾബി ശബ്ദമികവിൽ ഏകദേശം 15 പേരെ ഉൾക്കൊള്ളാവുന്ന മോഡേൺ ഹോം തിയറ്ററും സെറ്റ് ചെയ്തിട്ടുണ്ട്.
വീടിനുള്ളിലെ വലിയ ഗ്ലാസ് വിൻഡോ തുറക്കുന്നത് പിൻവശത്തൊരുക്കിയ പാറ്റിയോയിലേക്കാണ്.
അധികസുരക്ഷയ്ക്കായി ഓട്ടമാറ്റിക് ഷട്ടറുകളും നൽകി. പാറ്റിയോയിൽ നൂറുകണക്കിന് കോയ് ഫിഷ് ഉള്ള ആർട്ടിഫിഷ്യൽ പോണ്ടും വെള്ളച്ചാട്ടവും രസക്കാഴ്ചയാണ്.