തൃശൂർ പുന്നയൂർക്കുളത്ത് ഗ്രാമ്യഭംഗി നിറഞ്ഞ പ്രദേശത്താണ് ഫ്ലോട്ട് & ഫോൾഡ് ഹൗസ് എന്ന വീടുള്ളത്.
സുതാര്യതയുടെയും പരസ്പര ബന്ധത്തിന്റെയും ആഘോഷമായി അഞ്ച് പേരടങ്ങുന്ന കുടുംബത്തിനായി വിഭാവനം ചെയ്ത് 27.70 സെന്റിൽ വ്യാപിച്ചുകിടക്കുന്ന വീടാണിത്.
ധാരാളം മഴയും വെയിലുമുള്ള കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് വീടൊരുക്കിയത്.
ഉടമയുടെ സഹോദരങ്ങളുടെ വീടുകൾ സമീപമുണ്ട്. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുംവിധമാണ് വീട്. അതിനാൽ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടില്ല. താന്തൂർ സ്‌റ്റോൺ വിരിച്ച നടപ്പാതയാണ് പച്ചപ്പിനിടയിലൂടെ വീട്ടിലേക്കാനായിക്കുന്നത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3660 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.
പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റ് സ്‌പേസിലേക്കാണ്. വിശാലത തോന്നിക്കാനും ചൂട് കുറയ്ക്കാനും ഇതുപകരിക്കുന്നു.
പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് ഫോർമൽ ലിവിങ് തുറക്കുന്നത്. വാട്ടർബോഡിയുള്ള കോർട്യാർഡാണ് ഇവിടുത്തെ ഹൈലൈറ്റ്.
കോർട്യാർഡുകളുടെ സാന്നിധ്യമാണ് അകത്തളങ്ങൾ മനോഹരമാക്കുന്നത്. ഡൈനിങ്ങിലെ കോർട്യാർഡ് ലേഡീസ് സിറ്റിങ്ങാക്കി മാറ്റി.
പൊതുവെ വീടുകളിൽ ഒരുപാട് ഡെഡ് സ്‌പേസ് സൃഷ്ടിക്കുന്ന ഇടമാണ് സ്‌റ്റെയർ. എന്നാലിവിടെ സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ കിഡ്സ് പ്ലേ ഏരിയ ഒരുക്കി.
മാസ്റ്റർ ബെഡ്‌റൂമിലുമുണ്ട് ഗ്രീൻ കോർട്യാർഡ്. പടിഞ്ഞാറ് നിന്നുള്ള വെയിലിനെ ഫിൽറ്റർ ചെയ്യുക എന്ന ഉദ്ദേശ്യവും ഇതിനുണ്ട്. സ്റ്റഡി സ്‌പേസ്, വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയും അനുബന്ധമായുണ്ട്.
വുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.
മുകൾനിലയിൽ ലിവിങ്, സ്റ്റഡി സ്‌പേസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ ഫോം ഫോളോസ് ഫങ്ഷൻ എന്ന തത്വത്തിന് അനുസൃതമായി, ഫ്ലോട്ട് & ഫോൾഡ് ഹൗസ് പ്രകൃതിയെയും കാലാവസ്ഥയെയും വീട്ടുകാരുടെ ആവശ്യങ്ങളെയും കൂട്ടിയിണക്കുന്നു.